കൊച്ചി: ഗിന്നസ് റിക്കാർഡിനായി കലൂർ സ്റ്റേഡയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിലെ സ്ഥല പരിമിതി ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. 
ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 
അതേസമയം ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതി നികോഷ് കുമാർ ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്.
കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന പേരിൽ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്‍റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാർ. 
ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസിൽ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കിൽ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *