തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അഡ്മിഷൻ നിഷേധിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാൻ ഫിലിപ്പ്.
തനിക്ക് വീടിനടുത്ത കോളേജ് അഡ്മിഷൻ നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടിയുള്ള മന്നം ജയന്തി ദിനത്തിലെ രമേശിന്റെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയാണ് വിഷയം വിശദീകരിച്ച് ചെറിയാൻ ഫിലിപ്പ് ഫേയ്‌സ് ബുക്ക് കുറിപ്പിട്ടത്. തനിക്കും സമാന അനുഭവം ഉണ്ടൊയെന്നും കുറിപ്പിൽ പറയുന്നു.
ബിഷപ്പ് മൂർ കോളജിൽ ചേരാൻ താനും രമേശും കെ.എസ്.യുവിന്റെ കോഴഞ്ചേരി സംസ്ഥാന ക്യാമ്പിൽ വെച്ചാണ് തീരുമാനിച്ചത്.
1971 മേയിൽ കെ.എസ്.യു സംസ്ഥാന ക്യാമ്പ് കോഴഞ്ചേരിയിൽ നടക്കുമ്പോൾ ചെന്നിത്തല മഹാത്മ സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസായിരുന്നു.
താൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രിഡിഗ്രി പരീക്ഷ എഴുതി റിസർട്ടിനായി കാത്തിരിക്കുകയായിരുന്നു.
പ്രീഡിഗ്രി പ്രവേശന ഇന്റർവ്യൂവിന് രമേശ് പിതാവും സ്‌കൂൾ അദ്ധ്യാപകനുമായ രാമകൃഷ്ണപിള്ളയുമായി കോളജിൽ ചെന്നു.
കെ.എസ്.യുവിന്റെ സ്‌കൂൾ ലീഡർ ആയതു കൊണ്ടും സമരത്തിൽ പങ്കാളിയായതുകൊങ്ങും പ്രവേശനമില്ലെന്നാണ് പ്രിൻസിപ്പൽ കെ.സി. മാത്യു അച്ചൻ പറഞ്ഞത്.
ഒരു വർഷം മകന് നഷ്ടപ്പെടുന്ന ദു:ഖത്തിൽ രാമകൃഷ്ണപിള്ള ഞെട്ടിത്തരിച്ചു പോയി. അടുത്ത ദിവസമാണ് അവർ കിടങ്ങൂരിനെ കാണാൻ പോയത്. അങ്ങനെയാണ് ചങ്ങനാശേരി എൻ.എസ്.എസിൽ അഡ്മിഷൻ ലഭിക്കുന്നത്.
ഒരു മാസം കഴിഞ്ഞപ്പോൾ ഡിഗ്രി പ്രവേശനത്തിന് താനും ബിഷപ്പ് മൂർ കോളജിൽ അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ തനിക്ക് ഒന്നാം സ്ഥാനമായിരുന്നു.
ഇന്റർവ്യൂവിന് ചെന്നപ്പോൾ താൻ ഇ.എം.എസിനെ പിക്കറ്റ് ചെയ്ത് ജയിലിൽ പോയ ആളായത് കൊണ്ട് പ്രവേശനമില്ലെന്നാണ് തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ തന്റെ പിതാവ് കെ.സി. ഫിലിപ്പിനോട് അച്ചൻ പറഞ്ഞത്.
വേറെ ഒരിടത്തും അപേക്ഷിച്ചിട്ടില്ലാത്തതിനാൽ തനിക്കും ഒരു വർഷം നഷ്ടപ്പെടുമെന്ന് ഉറപ്പായി. തിരുവനന്തപുരത്തേക്ക് മടങ്ങിയ താൻ ഉമ്മൻ ചാണ്ടിയെ കണ്ടു. യൂണിവേഴ്‌സിറ്റി കോളജിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു.
തന്റെ രക്ഷകർത്താവിന്റെ കോളത്തിൽ ഉമ്മൻ ചാണ്ടി ഒപ്പുവെച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ മെരിറ്റ് പ്രകാരം തനിക്ക് പ്രവേശനം ലഭിച്ചു. തന്നെ കോളജിൽ ചേർക്കാൻ കൊണ്ടുപോയത് ഉമ്മൻ ചാണ്ടിയാണ്.
രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കാൻ എന്നെ തിരുവനന്തപുരത്തു നിന്നും ജന്മനാടായ ചെങ്ങനൂരിനടുത്തുള്ള മാവേലിക്കരയിലേക്ക് നാടുകടത്താനുള്ള തന്റെ മാതാപിതാക്കളുടെ ശ്രമം വിഫലമായെന്നും കുറിപ്പിൽ പറയുന്നു.
പിന്നീട്, ചങ്ങനാശ്ശേരി കോളജിൽ രമേശ് യൂണിയൻ ചെയർമാനായി. താൻ യൂണിവേഴ്‌സിറ്റി കോളജിൽ കൗൺസിലറായി കേരള സർവകലാശാല യൂണിയൻ സെക്രട്ടറിയായി. സെനറ്റ് അംഗവുമായി.
താൻ 1979 ലും രമേശ് 1980 ലും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടുമാരായി. ബിഷപ്പ് മൂർ കോളജിൽ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതു കൊണ്ടാണ് രണ്ടു പേർക്കും കെ.എസ്.യു നേതൃത്വത്തിൽ ഉയരാൻ കഴിഞ്ഞത്. ഉർവ്വശീ ശാപം ഉപകാരമായെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വീടിനടുത്തുള്ള കോളേജിന്റെ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനമുണ്ടായിരുന്നിട്ടും തനിക്ക് പ്രീഡിഗ്രി അഡ്മിഷൻ നിഷേധിച്ചെന്നും പിന്നിട് ബന്ധുവിനും പിതാവിനുമൊപ്പം ചങ്ങനാശേരിയിലെത്തി
അന്നത്തെ എൻ.എസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അഡ്മിഷൻ ലഭിക്കുകയായിരുന്നുവെന്നും അന്ന് മുതൽ എൻ.എസ്എസ് ഒപ്പമുണ്ടെന്നും ചെന്നിത്തല മന്നം ജയന്തി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.