പാമ്പാടി: ചെങ്കൊടി ഉയര്‍ന്നു, സി.പി.എം. ജില്ലാ സമ്മേളനത്തിനു തുടക്കമായി. നാലു ദിന സമ്മേളനത്തിനു തുടക്കം കുറിച്ചു മന്ത്രി വി.എന്‍. വാസവന്‍ പതാക ഉയര്‍ത്തി. പുതുപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആതിഥേയത്തില്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
നാളെ രാവിലെ പത്തിനു പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ജില്ലാ സെക്രട്ടറി എ.വി. റസല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 299 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും 10 കേന്ദ്ര, സംസ്ഥാന നേതാക്കളും പങ്കെടുക്കും.
കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. ടി.എം.തോമസ് ഐസക്ക്, കെ.കെ. ഷൈലജ, എ.കെ.ബാലന്‍, കെ. രാധാകൃഷ്ണന്‍, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍. വി.എന്‍. വാസവന്‍, കെ.കെ.ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, പി.കെ. ബിജു എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര, സംസ്ഥാന നേതാക്കള്‍.
അഞ്ചിനു ചുവപ്പൂ സേനാ മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് പാമ്പാടി കമ്മ്യൂണി ഹാള്‍ മൈതാനത്തില്‍ നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അതേ സമയം സി.പി.എം. ജില്ലാ സമ്മേളന സമ്മേളനത്തിനു മുന്നോടിയായി സി.പി.എം. നടത്തിയ സവര്‍ണജാഥയുടെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ചയാവുകയാണ്.
നായര്‍ സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള രാഷ്ട്രീയനീക്കമായിരുന്നുവെന്നാണു വിലയിരുത്തല്‍ വൈക്കം സത്യാഗ്രഹത്തിന്റെയും ആ സമരത്തെ പിന്തുണച്ച് മന്നത്ത് പദ്മനാഭന്‍ നടത്തിയ സവര്‍ണജാഥയുടെയും നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നയില്‍ സാംസ്‌കാരികഘോഷയാത്രയും നവോത്ഥാന സദസും നടത്തിയത്.
ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ടെത്തുകയും ചെയ്തു.കോണ്‍ഗ്രസോ ബി.ജെ.പി.യോ മറ്റു പാര്‍ട്ടികളോ ഇതുവരെ ഇത്തരമൊരാഘോഷം നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, മന്നം സമ്മേളന വേദിയില്‍ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചെയ്തത്.
ഹിന്ദു മതത്തിന്റെ കുത്തക ഒരു മതവിഭാഗത്തിനു മാത്രമായി നല്‍കിയിട്ടില്ല. കാലാകാലങ്ങളായുള്ള ക്ഷേത്രാചാരക്രമങ്ങളില്‍ മാറ്റി മറിയ്ക്കുവാനുള്ള ശ്രമങ്ങളെ മുഖ്യമന്ത്രി പിന്തുണയക്കുവാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ക്രൈസ്തവരുടെയും മുസ്ലീംങ്ങളുടെയുംആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും അദേഹം ചോദിച്ചു. കാലാകാലങ്ങളില്‍ നിലനിന്നു പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണ് പറയുന്നത്.
ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാന്‍ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്.
ഷര്‍ട്ടിട്ടു പോകണമെന്നു വാദിക്കുന്നവര്‍ അവരുടെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ടു പോകണമെങ്കില്‍ പൊയ്‌ക്കോട്ടെ. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഈ ആചാരാനുഷ്ഠാനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിനോ സര്‍ക്കാരിനോ തിരുത്താവുന്നതല്ല.
ഉടുപ്പിട്ട് പോകുന്നവര്‍ക്ക് അങ്ങനേയും ഉടുപ്പിടാതെ പോകേണ്ടവര്‍ക്ക് അങ്ങനെയും ആകാം. ഓരോ ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് എന്‍.എസ്.എസിന്റെ അഭിപ്രായം.
ഹിന്ദുവിനു മാത്രം ഒന്നും പറ്റില്ലെന്ന പിടിവാശി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. ഇതോടെ എന്‍.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള സി.പി.എം നീക്കം പാളിയതായുള്ള വിലയിരുത്തലാണുള്ളത്.