കാഞ്ഞിരപ്പള്ളി / പാറത്തോട്: ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ക്കും പുതുവര്‍ഷം ആഘോഷത്തിനുള്ള അവകാശമുണ്ട്.
നമുക്കു ലഭിച്ചിരിക്കുന്ന ഈ പുതുവര്‍ഷത്തെ ആഘോഷത്തോടുകൂടി വരവേല്‍ക്കുവനുള്ള നമ്മുടെ അവകാശം നമ്മള്‍ വിനിയോഗിക്കുകയാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യ ‘കൈക്കോട്ടും ചിലങ്കയു’മെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കുള്ളിലെ കലാകാരന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നൂറു കണക്കിനു കര്‍ഷകരെ അണിനിരത്തി സംഘടിപ്പിച്ച കലാസന്ധ്യ കൈക്കോട്ടും ചിലങ്കയും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തെ ആശ്രയിച്ച് ആ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചു കൊണ്ടു പ്രകൃതിയില്‍ ആശ്രയിച്ചു മണ്ണില്‍ അധ്വാനിച്ചു ലോകത്തിനു മുഴുവന്‍ ഭക്ഷണം നല്‍കുന്ന കര്‍ഷക സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഈ ദിനം സന്തോഷത്തിന്റെയും ദിനമാണ്. 

കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര്‍ഷകരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണു കൈക്കോട്ടും ചിലങ്കയും എന്ന കലാസന്ധ്യ. 

വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടിയ പരിശീലനം നടത്തിയാണു പതിനഞ്ചു മിനിറ്റുള്ള പന്ത്രണ്ട് പ്രോഗ്രാമുകള്‍ കര്‍ഷകര്‍ അവതരിപ്പിച്ചത്. 

പരിപാടിക്കു കൈക്കോട്ടും ചിലങ്കയും എന്നു പേരിട്ടതു നമ്മുടെ കര്‍ഷകരുടെ കലാപരമായ വളര്‍ത്തിയെടുക്കാനുള്ള ചിന്തയോടു കൂടിയാണ്. 

കൈക്കോട്ടു നമ്മുടെ പണിയായുധമാണു ചിലങ്കയാകട്ടേ കലാപരമായതും. കൃഷിയും കലമായി ഉള്ള അഭേദ്യമായ ബന്ധം.. കര്‍ഷകര്‍ക്കിടയിലെ കലാകാരന്മാരെ കണ്ടെത്തുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ തുടര്‍ച്ചക്കാരും പരിപാലകരുമാണു കര്‍ഷരും കലാകാരന്മാരും എന്നാണു പറയുക. ഈ ഭൂമിയിലെ മുനഷ്യരുടെ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ക്കു വര്‍ണങ്ങള്‍ നല്‍കുന്നവരാണ് ഇരുകൂട്ടരും. 

സാഹിത്യ സൃഷ്ടികള്‍ക്കും സിനിമകള്‍ക്കും ഫോട്ടോഗ്രഫിക്കുമൊക്കെ ഓജസും തേജസും നല്‍കുന്നതു കര്‍ഷകര്‍ ഒരുക്കുന്ന പൂന്തോട്ടങ്ങളും കൃഷിയിടങ്ങളുമാണ്. കലയെ സജീവമാക്കുന്നതിന്റെ പിന്നില്‍ നില്‍ക്കുന്നതു കൃഷിയിടങ്ങളാണ്.

നമ്മുടെ കവുങ്ങിന്‍ തോട്ടങ്ങളിലെ അടക്കയും ലാറ്റക്‌സും സംസ്‌കരിച്ചെടുത്തു പെയിന്റാക്കി മാറ്റിയാണ് അംബര ചുംബികളായ കെട്ടിടകള്‍ങ്ങള്‍ മുതല്‍ നമ്മുടെ വീടുകളിലെ ചുവരുകള്‍ക്കു നിറം ചാര്‍ത്തിക്കൊണ്ട് ജീവന്റെ തുടിപ്പേകുന്നത്. 

നിര്‍ജീവങ്ങളായ കാന്‍വാസുകള്‍ക്കും നിശ്ചലങ്ങളായ മതിലുകള്‍ക്കും ഒക്കെ മുന്നില്‍ നിന്നുകൊണ്ട് തന്റെ ഹൃദയത്തിലെ ഭാവനയെ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ചിത്രകാരന്റെ ഭാവനയ്ക്കു ചിറകുമുളപ്പിക്കുന്നതും അവനില്‍ നിന്നു പുറത്തുവരുന്ന ചിത്രത്തിനു വര്‍ണം ചാര്‍ത്തിക്കൊടുക്കുന്നതും കൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന ഇലകളും കായ്കളും ഇടിച്ചുകൂട്ടിയെടുക്കുന്ന നിറക്കൂട്ടുകളാണെന്ന സത്യം പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു എന്നും അദ്ദേഹം പറഞ്ഞു. 

സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കര്‍ഷകരുടെ മേല്‍ ക്രൂരതയുടെ ശരം തൊടുക്കാന്‍ വന്യതയുടെ വില്ലും കുലച്ചു നില്‍ക്കുന്ന വനംവകുപ്പിനോട് ‘മാനിഷാദ’ അഥവാ അരുതേ കാട്ടാളാ എന്നു പറയാന്‍ ഈ കാലഘട്ടത്തിന്റെ സാഹിത്യകാരന്മാരും കലാകാരന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും അധികാരികളും ശക്തമായി കടന്നുവരണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

കര്‍ഷകരും കുടുംബാംഗങളുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് പൊടിമറ്റം പള്ളി പാരീഷ് ഹാളില്‍ നടന്ന ‘കെക്കോട്ടും ചിലങ്കയും’ പരിപാടികള്‍ വീക്ഷിക്കാനെത്തിയത്. 

ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍ മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശേരി, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ തുടങ്ങിയവരെല്ലാം ആസ്വാദകരായി സദസില്‍ അണിനിരന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *