കോട്ടയം: ഒരു പതിറ്റാണ്ടു നീണ്ടു നിന്ന പിണക്കം മറന്ന് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി പുഷ്പാര്‍ച്ചന നടത്തി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ ഉദ്ഘാടകന്‍ രമേശ് ചെന്നിത്തലയാണ്.
ഇത്തവണത്തെ ജയന്തി സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയെ ഉദ്ഘാടകനാക്കി പ്രഖ്യാപിച്ചതോടെയാണ് എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് സജീവ ചര്‍ച്ചയായി മാറിയിരുന്നു.
എന്‍.എസ്.എസ്. സ്വീകരിക്കുന്ന വരും കാല രാഷ്ട്രീയ നിലപാട് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. ഈ സാചര്യത്തില്‍ എന്‍.എസ്.എസ്. സ്വീകരിക്കുന്ന സമീപനം ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്ക മൂന്നുമുന്നണികളിലെയും നേതൃത്വത്തിനുണ്ട്.
എന്നാല്‍ രമേശ് ചെന്നിത്തലയെ ജയന്തി സമ്മേളനത്തില്‍ മുഖ്യതിഥിയാക്കിയതോടെ എന്‍.എസ്.എസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ വ്യക്തമായ സൂചനയായി കരുതുന്നവരും ഏറെ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി എന്‍.എസ്.എസ്. നേതൃത്വം വലിയ അടുപ്പം പുലര്‍ത്തുന്നില്ല. ഇതാണ് രമേശ് ചെന്നിത്തലയെ ജയന്തി സമ്മേളനത്തില്‍ ഉദ്ഘാടകനാക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പരാമര്‍ശം വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു.
ഈ പ്രഖ്യാപനം വിവാദമായതോടെ സുകുമാരന്‍ നായരുടെ നിലപാടിനെ രമേശിന് തന്നെ തള്ളി പറയേണ്ടി വന്നു. ഇതോടെ എന്‍.എസ്.എസ്. നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മില്‍ അകന്നുവെങ്കിലും ഈ അകല്‍ച്ചയെല്ലാം പരിഹരിച്ചാണ് എന്‍.എസ്.എസ്. നേതൃത്വം രമേശ് ചെന്നിത്തലയെ ഇരുകൈയും നീട്ടി പെരുന്നയിലേക്കു ക്ഷണിച്ചിരിക്കുന്നത്.
മന്നം ജയന്തി സമ്മേളനത്തില്‍ എന്‍.എസ്.എസ്. പ്രഖ്യാപിക്കുന്ന നിലപാടു രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളോട് എന്‍.എസ്.എസ്. സ്വീകരിക്കുന്ന സമീപനത്തില്‍ ഇത്തവണയും വലിയ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്‍.എസ്.എസിന്റെ സമദൂരത്തില്‍ ഇത്തവണ മാറ്റം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പൊതു സമ്മേളനം അല്‍പസമയത്തിനകം ആരംഭിക്കും. സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. പ്രസിഡന്റ് എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.