ദിവാസ്: മധ്യപ്രദേശിലെ ഡെവാസ് ജില്ലയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. സ്ത്രീയുടെ പരാതിയില്‍ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ മുകേഷ് ലോംഗ്രെ എന്ന ദളിത് യുവാവാണ് മരിച്ചത്. അതേ സമയം മുകേഷിനെ പോലീസ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഇന്‍സ്‌പെക്ടര്‍ ആശിഷ് രജ്പുതിനെ സസ്‌പെന്‍ഡ് ചെയ്തു.
ശനിയാഴ്ചയാണ് സംഭവം. മുകേഷിനെതിരെ നടപടിയുണ്ടാകാതിരിക്കാന്‍ പോലീസുകാര്‍ കൈക്കൂലിയാവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു. ഡിസംബര്‍ 26നാണ് ഒരു സ്ത്രീ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് മുകേഷിനെ പോലീസ് വിളിച്ചുവരുത്തിയത്. ഇന്‍സ്‌പെക്ടര്‍ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാല കൊണ്ട് ലോക്കപ്പിലെ ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നെന്നും ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യുംവരെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസും പ്രതിഷേധിച്ചു.