നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു, സംഭവം വനമേഖലയിൽ നിന്ന് 5 കി.മീ കാൽനടയായെത്തവേ
തൃശ്ശൂർ: നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു. ചെള്ളിക്കയം വനമേഖലയിൽ താമസിക്കുന്ന സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്. കഴിഞ്ഞ ദിവസം നേർച്ചപ്പാറയിലാണ് സംഭവം. പ്രസവ വേദനയെ തുടർന്ന് വനമേഖലയിലെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്ററിലധികം കാൽനടയായി നേർച്ചപ്പാറയിലെത്തിയ
പ്പോഴായിരുന്നു പ്രസവം.
നാലുദിവസം മുൻപാണ് കൽച്ചാടിയിൽനിന്ന് കുടുംബസമേതം വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് ഇവർ താമസംമാറിയത്. രാവിലെ പ്രസവവേദന തുടങ്ങിയതോടെ വന മേഖലയിൽനിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സലീഷയും ഭർത്താവും നേർച്ചപ്പാറയിലെത്തുന്നത്. ഇവിടെ വെച്ച് വേദന കൂടുകയും ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.
യുവതിയെ അവശനിലയിൽ കണ്ട പ്രദേശവാസികൾ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി. വിവരമറിഞ്ഞ് പഞ്ചായത്തംഗവും എസ്ടി പ്രമോട്ടറുമടക്കം സ്ഥലത്തെത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടേയും കുഞ്ഞിന്‍റേയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read More :