എയർപോർട്ടിൽ ഡിജി യാത്ര ഉപയോഗിച്ചാൽ കണക്കെടുത്ത് ഇൻകം ടാക്സുകാർ പിടിക്കുമോ? വിശദീകരണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്ര എളുപ്പമാക്കുന്നതിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജി യാത്ര ആപ്ലിക്കേഷനിൽ നിന്നുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിക്കുമെന്നും നികുതി വെട്ടിക്കുന്നവരെ പിടികൂടുമെന്നുമുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതവും തെറ്റായതുമാണെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നേരത്തെ ആദായ നികുതി വകുപ്പും ഈ പ്രചരണം തള്ളിയിരുന്നു.

ഡിജി യാത്ര ആപ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിക്കുമെന്നും പിന്നീട് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വ്യത്യാസങ്ങൾ കണ്ടെത്തിയാൽ അടുത്ത വർഷം മുതൽ നോട്ടീസുകൾ ലഭിക്കുമെന്നുമായിരുന്നു നടന്നുവന്ന പ്രചാരണം. എന്നാൽ ഡിജി യാത്ര ആപ്പിലെ വിവരങ്ങൾ ആദായ നികുതി വകുപ്പുമായി പങ്കുവെയ്ക്കപ്പെടുന്നില്ലെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. 

 

 

വിവരങ്ങൾ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്നും അല്ലാതെ മറ്റെവിടെയും അവ സൂക്ഷിച്ചുവെയ്ക്കപ്പെടുന്നില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപയോക്താവ് തന്റെ ഫോണിൽ നിന്ന് ഡിജി യാത്ര ആപ് അൺഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിലുള്ള വിവരങ്ങളും പൂർണമായും ഡിലീറ്റ് ചെയ്യപ്പെടും. ഇതിന് പുറമെ എയർപോർട്ടുകളിലെ യാത്രക്കാരുടെ വിവരങ്ങൾ വിമാനം പുറപ്പെട്ട് 24 മണിക്കൂർ കഴിയുമ്പോഴേക്കും മാറുന്ന തരത്തിലാണ് സംവിധാനം. ഇതിനൊക്കെ ഉപരി ആഭ്യന്തര യാത്രകൾക്ക് മാത്രമുള്ള സംവിധാനമാണ് ഡിജി യാത്രയെന്നും അന്താരാഷ്ട്ര യാത്രകൾക്ക് അത് ഉപയോഗിക്കാനാവില്ലെന്നും ഡിജിസിഎ വിശദീകരിച്ചിട്ടുണ്ട്. 

നേരത്തെ ആദായ നികുതി വകുപ്പും ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ഇത്തരം ഒരു നീക്കവും ഇല്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇൻകം ടാക്സ് വകുപ്പ് വിശദീകരിച്ചത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്ത് വ്യക്തികളെ തിരിച്ചറിഞ്ഞ് സ്പർശന രഹിതമായി പരിശോധനകൾ പൂർത്തീകരിച്ച് യാത്ര സുഗമമാക്കാനായി അവതരിപ്പിച്ചതാണ് ഡിജി യാത്ര സംവിധാനം. ആധാർ അധിഷ്ഠിതമായാണ് ഇത് പ്രവർത്തിക്കുന്നത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin