തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍റെ ആത്മകഥ ചോർത്തിയ സംഭവത്തിൽ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം എസ്പിക്ക് നിർദ്ദേശം നൽകിയത്. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സിൽ അച്ചടക്ക നടപടിയെടുത്തിരുന്നു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തിരുന്നു.
‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ പേരിൽ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളത്.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വൻ വിവാദമായിരുന്നു.ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി.
ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ.