ഇടുക്കി മുള്ളരിങ്ങാടുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അമയൽതൊട്ടി സ്വദേശി അമർ ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബർസ്ഥാനിലാണ് സംസ്കാരം.
ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്ത് മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ വൈകിട്ട് പശുവിനെ തിരഞ്ഞ് പോയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്.
പ്രതിഷേധത്തെ തുടർന്ന് സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകും. ആറ് ലക്ഷം രൂപ പിന്നീടായിരിക്കും നൽകുക.
അതേ സമയം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ നടത്തുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.