കോട്ടയം: സന്തോഷത്തോടെ വേളാങ്കണ്ണി യാത്ര പോയ സുഹൃത്തുക്കള്‍ മടങ്ങിയെത്തിയതു ചേതനയറ്റ ശരീരമായി. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി നാട്. 
തേനിയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കെ.ജെ സോണിമോന്‍ (45), ജോബിന്‍ തോമസ് (ജോബിഷ്,33), ജെയിന്‍ തോമസ് (34) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിച്ചപ്പോള്‍ നാടിന്റെ ഒന്നാകെയുള്ള നിലവിളി ഹൃദയഭേദകമായ കാഴ്ചയായി. 

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മൂവരുടെയും വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായില്ല. പൊതു ദര്‍ശനത്തിയായി മൃതദേഹങ്ങള്‍ കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമാണ് മൂവരെയും ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയത്.

പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങളില്‍ നാടിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതികദേഹം വിടുകളിലെത്തിച്ചു.  
ജോസ് കെ.മാണി എം.പി, മോന്‍സ് ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍ കാല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി തുടങ്ങിയവര്‍ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

നാലംഗ സംഘത്തില്‍  ഗുരുതരമായി പരുക്കേറ്റ പി.ഡി ഷാജി (47) ചികിത്സയിലാണ്. പതിവായി  തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് നാലുപേരും ഒരുമിച്ചാണ് പോയിരുന്നത്. അന്ത്യയാത്രയില്‍ അതില്‍ മൂന്നുപേര്‍ ഒരുമിച്ചായി.   

മൂവര്‍ക്കും ഒരേ ഇടവകപള്ളിയിലെ സെമിത്തേരിയിലാണു കല്ലറ ഒരുങ്ങുന്നത്. സംസ്കാരം നാളെ രാവിലെ 9ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ പള്ളിയുടെ സെമിത്തേരിയില്‍  നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *