കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു. 
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഉടൻ കൊച്ചിലെ റിനെ മെഡിസിറ്റി ആശുപത്രിയിൽ എത്തും. മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. 

ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് പുറമേയാണ് ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി ആശയ വിനിമയം നടത്തിയതായും ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായും സംസാരിച്ചതായി വീണ ജോർജ് അറിയിച്ചു.
അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും സ്ഥിതി നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നുമാണ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ അറിയാനായി സിടി സ്‌കാൻ ഉൾപ്പെടെ നടത്തി. 

ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായും ഡോക്ടർമാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെയും എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള സംഘത്തെ ആരോഗ്യസ്ഥിതി വിലയിരുത്താൻ നിയോഗിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. ഉയരത്തിൽ കെട്ടിയ സ്റ്റേജിൽ കയറി അതിഥികളുമായി സംസാരിക്കുന്നതിനിടെ സ്റ്റേജിന്റെ വശത്തേക്ക് വരികയും കാൽ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. 
താഴെ കിടന്ന കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ചാണ് എംഎൽഎ വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അർദ്ധബോധാവസ്ഥയിലാണ് എംഎൽഎയെ ആശുപത്രിയിലെത്തിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *