ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; മൂക്കിൽ നിന്ന് രക്തം വന്നു
കൊച്ചി: തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസ് എംഎൽഎയ്ക്ക് തലക്കാണ് പരിക്കേറ്റതെന്ന് എംഎൽഎയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂവെന്നും ഡോക്ടർ പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.
ഉമ തോമസ് കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എംഎൽഎയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. അതേസമയം, ആശുപത്രിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗവിഷന്‍ മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇതിൽ പങ്കെടുക്കുന്നതിനിടെയാണ് വിഐപി ഗാലറിയിൽ നിന്ന് കാൽതെന്നി താഴേക്ക് വീണത്.