സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവം വിവാദമാക്കാൻ ഒരുങ്ങി സിപിഐഎം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എംഎൽഎക്ക് പങ്കുണ്ടെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.
സംഭവത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സിപിഎം ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. തുടർന്നും വൻ പ്രതിഷേധം ആളിക്കത്തിക്കാനാണ് സിപിഎം തീരുമാനം.
ബത്തേരി അർബൻ ബാങ്ക് നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് സിപിഎം ആവശ്യം. ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുമാണ് സമരം.
ബത്തേരി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ മരണത്തിന് പിന്നിലുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാലും ആത്മഹത്യക്കുറിപ്പ് കോൺഗ്രസ് നേതാക്കൾ നശിപ്പിച്ചതായും വിവരമുള്ളതിനാലുമാണ് സിപിഐഎം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഡിസിസി ട്രഷററുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ പുറത്ത് വരുന്നത് വ്യാജ രേഖകളാണെന്നും എംഎൽഎ പറഞ്ഞു.