പെരുമ്പാവൂർ: കേരളീയത്തനിമയുള്ള വസ്ത്രാലങ്കാരനിറവിൽ ലാസ്യമാർന്ന ആട്ടവും പാട്ടുമായി ആവേശത്തിന്റെ ദ്രുതതാളങ്ങൾ തീർക്കുന്ന കൈകൊട്ടിക്കളി മത്സരം ‘കൈത്താളം – 2024’ ന് ഞായറാഴ്ച (29.12.2024) വൈകിട്ട് 3ന് കൂടാലപ്പാട് പൂരം നഗറിൽ അരങ്ങുണരും.
കൊടുവേലിപ്പടി കോട്ടയ്ക്കലമ്മ കൈകൊട്ടിക്കളി സംഘത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അഖിലകേരളാടിസ്ഥാനത്തിൽ വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ഇരുപതോളം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിന്റെ ഉദ്‌ഘാടനം ചലച്ചിത്ര താരം മാസ്റ്റർ സൂര്യകിരൺ നിർവ്വഹിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 15000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും മൂന്ന്, നാല്, അഞ്ച് സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 7000, 5000, 3000 രൂപയും ട്രോഫിയുമാണ് ലഭിക്കുക.
മത്സരത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നയാൾക്ക് പ്രത്യേക ട്രോഫിയുമുണ്ട്. അനൂപ് മുരളി, രമ്യ ഗിരീഷ്, വൈഷ്‌ണജ ടി. പ്രകാശ്, ഒക്കൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സാബു മൂലൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.