തിരുവനന്തപുരം: ആദർശത്തിന്റെ ആൾരൂപമെന്നും കറപുരളാത്ത ആദർശമെന്നും പേരെടുത്ത മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ എ.കെ.ആന്റണിക്ക് ശതാഭിഷിഷേകം.
1940 ഡിസംബർ 28 നാണ് അറയ്ക്കാപ്പറമ്പിൽ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനായി ചേർത്തലയിൽ ആന്റണി ജനിച്ചത്. അമ്പതുകളുടെ അന്ത്യപാദത്തിൽ നടന്ന കെ.എസ്.യു.വിന്റെ ഒരണ സമരത്തിലൂടെയാണ് ആന്റണിയുടെ രാഷ്ട്രീയ പ്രവേശം.
ആദർശ രാഷ്ട്രീയത്തിന്റെ അന്നത്തെ മുഖം തന്നെയാണ് ആന്റണിയുടെ ഇന്നത്തെയും ഏറ്റവും വലിയ മുഖമുദ്ര. 77ൽ മുപ്പത്തിയേഴാമത്തെ വയസ്സിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ആ റെക്കോർഡ് ഇതുവരെ തകർന്നിട്ടില്ല. 1995 ലും 2001ലും വീണ്ടും രണ്ട് തവണകൂടി മുഖ്യമന്ത്രിയായി.
മൂന്ന് ഘട്ടങ്ങളിലായി പത്തുവർഷത്തോളം കേന്ദ്രമന്ത്രിയായിരുന്നു. കോൺഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമായ ആന്റണി ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമാണ്.
കെ.പി.സി.സിക്ക് പല പ്രസിഡന്റുമാരുണ്ടായിട്ടുണ്ടെങ്കിലും ഇന്നും പ്രസിഡന്റെന്നു വിളിക്കുന്ന ഏക നേതാവ് ആന്റണിയാണ്. ഇന്ത്യയിലാകെ എ.കെ എന്ന രണ്ടക്ഷരം സൂചിപ്പിക്കുന്നത് ആന്റണിയെന്ന നേതാവിനെ മാത്രമാണ്.
ഒരു കാലത്ത് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ ആവേശഭരിതനാക്കി മുന്നോട്ടു നയിച്ച നേതാവായിരുന്നു ആന്റണി. അദ്ദേഹത്തിന്റെ ആദർശ നിഷ്ഠയും നേതൃപാടവും ജനകീയ സ്വാധീനവുമൊക്കെ മാതൃകയായി.
ചാരായ നിരോധനത്തിലൂടെ കേരളത്തിലെ പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ സമാധാനം അരക്കിട്ടുറപ്പിക്കുന്നതില്‍ ആന്റണിയുടെ പങ്ക് വലുതാണ്. പിന്നീടു വന്ന സർക്കാരുകൾക്കൊന്നും ചാരായ നിരോധനം പിൻവലിക്കാനായില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ കൈകള്‍ എക്കാലവും വിശുദ്ധവും ശക്തവുമായിരുന്നു. പ്രതിരോധ മേഖലയിലെ ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ ഒഴിവാക്കി.
മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയം നടപ്പാക്കി. ഉന്നത വിദ്യാഭ്യാസത്തിന് നാട്ടില്‍ അവസരം കിട്ടാതെ, വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറിയ വിദ്യാര്‍ഥികളെ നാട്ടിലെ സര്‍വകലാശാലകളില്‍ പിടിച്ചു നിര്‍ത്തി മികവുറ്റ വിദ്യാഭ്യാസം നല്‍കി.
എ.കെ.ആന്റണിക്ക് പിറന്നാൾ ആഘോഷമെന്നാൽ പാർട്ടിയുടെ പിറന്നാളാഘോഷമാണ്. കോൺഗ്രസ് പിറവിയെടുത്ത ഡിസംബർ 28 നാണ് ആന്റണിയും ജനിച്ചത്. 1885 ഡിസംബർ 28 ന് മുംബൈയിലായിരുന്നു കോൺഗ്രസ് ജന്മംകൊണ്ടത്.
55 വർഷങ്ങൾക്ക് ശേഷം ,1940 ഡിസംബർ 28 ന് ആന്റണി ജനിച്ചു. കെ.എസ്.യുവിന്റെയും യൂത്ത്കോൺഗ്രസിന്റെയും സംസ്ഥാന അദ്ധ്യക്ഷപദവി അലങ്കരിച്ച ശേഷം 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.
1977-ൽ കെ.കരുണാകരൻ മുഖ്യമന്ത്രി പദവി രാജിവച്ചതോടെ ഏറ്റവും ചെറിയ പ്രായത്തിൽ, 37-ാം വയസിൽ ആന്റണി മുഖ്യമന്ത്രിയുമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ എ ഗ്രൂപ്പ് രൂപീകരിച്ചു.
1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 84-ാം പിറന്നാളിന് കാര്യമായ ആഘോഷമില്ലാതെ വഴുതക്കാട്ടെ ‘അഞ്ജനം’ വീട്ടിൽ ആന്റണിയുണ്ട്.
1973ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷസ്ഥാനത്തെത്തി. തുടർന്ന് രണ്ടുവട്ടം അവിടെ തുടർന്നു. എന്നാൽ, 1991ൽ നടന്ന കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വയലാർ രവിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
എ.കെ.ആന്റണിയുടെ പൊതുജീവിതത്തിലെ ഏക പരാജയം അതായിരുന്നു. പാർട്ടിയുടെ ജനസ്വീകാര്യത വളർത്തുന്നതിൽ എ.കെ.ആന്റണി വഹിച്ച പങ്ക് വലുതാണ്.
അതുകൊണ്ട് തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നിട്ടും കോൺഗ്രസ് പാർട്ടി പാർലമെന്ററി നേതൃനിരയിലേക്ക് കണ്ടെത്തിയത് എ.കെ.ആന്റണിയെയാണ്.
എ.കെ.ആന്റണി കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉയർന്ന പ്രായേണ നിസാരങ്ങളായ അഴിമതി ആരോപണങ്ങളിൽ പോലും കറപുരളാതെ അദ്ദേഹം തന്റെ കർമ്മജീവിതത്തിന്റെ സംശുദ്ധി നിലനിറുത്തി.
സിവിൽ സപ്ലൈസ് മന്ത്രിയായിരിക്കെ ഉയർന്ന ഷുഗർ സ്കാൻഡൽ നേരിടാൻ രാജി വച്ചൊഴിഞ്ഞ കർമ്മവിശുദ്ധിയും അദ്ദേഹത്തിനുണ്ട്.
2014 വരെ പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഏറ്റവും കൂടുതൽ കാലം ആ സ്ഥാനം വഹിച്ച ഭരണാധികാരിയാണ്. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രീതി നിയന്ത്രിച്ചുകൊണ്ട് ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു.