അബുദാബി: അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളിയായ യുവാവിനെതിരെ കേസെടുത്തു.
സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തത്.
ഡിസംബർ 25ന് ഇൻഡിഗോയുടെ 6E-1402 വിമാനത്തിൽ അബുദാബിയിൽ നിന്നും മുംബൈയിലുള്ള യാത്രയ്ക്കിടെ പുലർച്ചെ മൂന്നു മണിയോടെയാണ് യുവാവ് ടോയ്‌ലറ്റിലേക്ക് പോയി പുക വലിച്ചത്
ടോയ്ലെറ്റിൽ പോയി അല്പസമയത്തിനകം യുവാവ് തിരിച്ചുവന്നപ്പോൾ വിമാനത്തിലെ ജീവനക്കാർക്ക് സിഗരറ്റിന്റെ ഗന്ധം അനുഭവപ്പെട്ടു.
തുടർന്ന് ഇവർ ടൊയ്ലെറ്റിലെത്തി പരിശോധിച്ചപ്പോൾ സിഗരറ്റിന്റെ കുറ്റി കണ്ടെത്തുകയായിരുന്നു.
മുഹമ്മദിനോട് ഇക്കാര്യം തിരക്കിയപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുകയും ചെയ്തു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് മുഹമ്മദ് ജീവനക്കാരോട് പറഞ്ഞത്.