വാഷിംഗ്ടണ്‍: തെറ്റായി മനസ്സിലാക്കി റഷ്യന്‍ വിമാന വിരുദ്ധ സംവിധാനമാണ് അസര്‍ബൈജന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടതെന്ന് യു എസ്. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനമാണ് അക്തൗ നഗരത്തിന് സമീപം ക്രാഷ് ലാന്‍ഡ് ചെയ്യവെയാണ് പൊട്ടിത്തകര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്ന 67ല്‍ 38 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഭൂതല- വിമാന മിസൈലാണ് തകര്‍ത്തതെന്ന് അസര്‍ബൈജാനി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി യൂറോ ന്യൂസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യു എസ് ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തര ലാന്‍ഡിംഗിനായി പൈലറ്റുമാരുടെ അഭ്യര്‍ഥനകള്‍ക്കിടയിലും തകര്‍ന്ന വിമാനം ഒരു റഷ്യന്‍ വിമാനത്താവളത്തിലും ഇറക്കാന്‍ അനുവദിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
യുക്രെയ്നിയന്‍ ഡ്രോണുകളുടെ ആക്രമണം റഷ്യയില്‍ പതിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്.
അനുമാനങ്ങള്‍ മുന്നോട്ടുവെക്കുന്നത് തെറ്റ്
എന്നാല്‍ അനുമാനങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നല്‍കി. അന്വേഷണത്തിന്റെ നിഗമനങ്ങള്‍ മുമ്പ് എന്തെങ്കിലും അനുമാനങ്ങള്‍ മുന്നോട്ടുവെക്കുന്നത് തെറ്റാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
തങ്ങളിത് ചെയ്യില്ലെന്നും ആരും ഇത് ചെയ്യരുതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.