നാല് കിലോമീറ്ററോളം ചുറ്റളവ്, സ്പേസ് എക്‌സ് ജീവനക്കാർക്ക് മാത്രമായി ടൗൺഷിപ്പ്; ചർച്ചയായി മസ്‌കിന്‍റെ സ്വപ്‌നം

ടെക്‌സസ്: സ്പേസ് എക്‌സ് ജീവനക്കാർക്ക് മാത്രമായി ടൗൺ‍ഷിപ്പ് നിർമ്മിക്കാനൊരുങ്ങി ഇലോണ്‍ മസ്ക്. നേരത്തെ ഇക്കാര്യം പുറത്തുവന്നിരുന്നു എങ്കിലും സ്‌പേസ് എക്‌സ് ജീവനക്കാർ കാമറോൺ കൗണ്ടിയിൽ നിവേദനം നൽകിയതാണ് ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. ടെക്സസിലെ സ്പേസ് എക്‌സിന്‍റെ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപത്തായാണ് പ്രത്യേക മുൻസിപ്പാലിറ്റി വേണമെന്നാണ് നിവേദനത്തിൽ പറയുന്നത്. 

മസ്‌കിന്‍റെ പദ്ധതി യാഥാർഥ്യമായാൽ ജീവനക്കാർക്കായി കമ്പനി നടത്തുന്ന ചരിത്ര നീക്കമായി ഇത് മാറും. ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പച്ചക്കൊടി ലഭിച്ചാൽ സ്പേസ് എക്സിന്‍റെ സെക്യൂരിറ്റി മാനേജറിനെ മുൻസിപ്പാലിറ്റിയുടെ ആദ്യ മേയറായി സ്ഥാനമേൽപ്പിക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയിലെ തീരദേശ പ്രദേശമായ സൗത്ത് ടെക്‌സാസിൽ സ്റ്റാർബേസ് എന്ന മുൻസിപ്പാലിറ്റി ജീവനക്കാർക്കായി ആരംഭിക്കണമെന്നത് മസ്കിന്‍റെ സ്വപ്നമാണ്. ഇക്കാര്യം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്നതുമാണ്. 

ബോക്കാ ചിക്ക ബീച്ചിനടുത്ത് നാല് കിലോമീറ്ററോളം ചുറ്റളവിലാകും സ്റ്റാർബേസ് നിർമ്മിക്കുക. നിലവിൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപത്തായി കൂടുതൽ ജീവനക്കാർ കുടിയേറിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് വീണ്ടും സ്റ്റാർബേസ് ചർച്ചകളിൽ ഇടം പിടിക്കാനുള്ള കാരണം. നൂറിലധികം കുട്ടികളടക്കം 500 പേർ അടങ്ങുന്ന സമൂഹം നഗരത്തിലുണ്ടാകും എന്നാണ് സൂചന. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 400 ബില്യൺ ഡോളർ ആസ്തി നേടുന്ന ആദ്യ വ്യക്തിയാണ് ഇലോൺ മസ്‌ക്.

Read more: ഇന്ത്യയിലെ നിരക്കുകൾ വർധിപ്പിച്ച് എക്സ്; സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ കൂടുതൽ പണം നൽകണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin