ഡിഎംഒ കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ ട്വിസ്റ്റ്. ഡിഎംഒ സ്ഥാനത്ത് മുൻ ഡിഎംഒ എൻ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജനുവരി 9 ന് ഹർജി വീണ്ടും പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്.  ഡിസംബർ 9 നാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 

ഹൈക്കോടതി സ്റ്റേ വന്നതോടെ 7 പേരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സ്ഥലം മാറ്റത്തിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഉദ്യോഗസ്ഥർ തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡിഎംഒ മാരെ സ്ഥലം മാറ്റിയത്. മറ്റ് മൂന്നിടങ്ങളിലായി ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു.  ഇത് താൽക്കാലികമായി സർക്കാർ മരവിപ്പിക്കും. ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ കേട്ടതിനു ശേഷം സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനം എടുക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉദ്യോഗസ്ഥർക്ക് നൽകും

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി മൂന്ന് ദിവസം ഓഫീസിലെ കാബിനിലിരുന്നത്. സ്ഥലംമാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.

കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി എം ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി എം ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഓഫീസിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 24 ന് ഡോക്ടർ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റിരുന്നു. ഒടുവിലാണ് ഇപ്പോള്‍ പുതിയ തീരുമാനം വന്നിരിക്കുന്നത്. 

ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥർ, പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

By admin

You missed