ജനിച്ചത് കേരളത്തിൽ, ബന്ധുക്കളെ കാണാൻ ആഗ്രഹം, കയ്യിലുളളത് ഫോട്ടോകളും ഒരു പേരും; ജന്മരഹസ്യം തേടി 2 സുഹൃത്തുക്കൾ
കൊച്ചി : നാല് പതിറ്റാണ്ട് മുൻപത്തെ സ്വന്തം ജന്മരഹസ്യം തേടി ബെൽജിയത്തിൽ നിന്ന് കൊച്ചിയിലെത്തിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. കൊച്ചിയിലെ സെന്റ് തേരേസാസ് ഓർഫനേജിൽ നിന്ന് ബെൽജിയം സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത പീറ്റർ ഡെക്‍നോക്കും കോട്ടയം ചെമ്പിലാവ് സേവ സദൻ ഓർഫനേജിൽ നിന്നും ബെൽജിയത്തിലെത്തിയ ലിന്ന് ബബനും. ബെൽജിയത്തിൽ അദ്ധ്യാപകരായ ഇവർ ഒന്നര വയസ്സിലാണ് ജനിച്ച നാടിന്റെ അനാഥത്വം വിട്ട് വിദേശത്ത് ചേർത്ത് പിടിച്ചവരാൽ സനാഥരായത്.
സ്വന്തം വേരുകളെ കുറിച്ച് അറിയില്ലെന്നത് എന്നും ഹൃദയത്തിലൊരു മുറിവായി അവശേഷിച്ചിരുന്നു. ആ മുറിവുണക്കാൻ സ്വന്തം രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താനെത്തിയതാണെന്ന് ലിൻ പറയുന്നു. എന്ത് കൊണ്ടാണ് ദത്ത് നൽകിയതെന്ന് അറിയണമെന്ന് ആഗ്രഹിക്കുന്നു. അമ്മുക്കുട്ടി പികെ എന്നൊരു പേര് മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഓർഫനേജിലെ രജിസ്റ്ററിൽ നിന്നാണ് ഇതുലഭിച്ചതെന്നും ലിൻ പറയുന്നു.
മലയാളികളായ ശോശാമ്മ- വർഗീസ് ദമ്പതികളുടെ മകനാണ് പീറ്റർ. 43 വർഷങ്ങൾ മുമ്പാണ് പീറ്ററിനെ ദത്ത് നൽകിയത്. വർഗീസ് ടൈഫോൾഡ് വന്ന് മരണപ്പെട്ടപ്പോഴാണ് ശോശാമ്മ മകനെ ദത്ത് നൽകിയത്. സ്വന്തം ബന്ധുക്കളെ കാണാൻ ആഗ്രഹമുണ്ടെന്നും നല്ലൊരു ജീവിതം ലഭിക്കാൻ കാരണമായ അമ്മയോട് നന്ദി പറയണമെന്ന് ആഗ്രഹിക്കുന്നുവെന്നും പീറ്ററും പറയുന്നു.
22 വർഷങ്ങൾ മുമ്പാണ് ലിന്നും പീറ്ററും ഒരു അവധിക്കാല ക്യാമ്പിൽ വെച്ച് കണ്ട് മുട്ടുന്നത്.ശേഷം 2 തവണ സ്വന്തം വേരുകൾ തേടി ഇരുവരും കേരളത്തിലെത്തിയിട്ടുണ്ട്. ബെൽജിയത്തിൽ കുടുംബവും നല്ല ജോലിയുമുണ്ട്. പക്ഷേ സ്വന്തം വേരുകളെ കുറിച്ച് അറിയില്ലെന്നത് എന്നും ഹൃദയത്തിലൊരു മുറിവായി അവശേഷിച്ചിരുന്നു. ആ ഒറ്റക്കാരണത്താലാണ് ജീവിത രഹസ്യം തേടിയെത്തിയെന്നും ഇരുവരും പറയുന്നു.