കോട്ടയം: സഭയുടെ കാനന്‍ നിയമത്തെയും മെത്രാന്മാരെയും വെല്ലുവിളിച്ചു വിമത വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി.
കുര്‍ബാന തര്‍ക്കം നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തിനു മുന്‍പില്‍ വിമത വൈദികര്‍ നടത്തിയ ഒരു മണിക്കൂര്‍ നില്‍പ്പു സമരത്തിനിടെയാണ് ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ അധിക്ഷേപ പ്രസംഗം.

ഞാന്‍ എന്റെ പള്ളിയില്‍ പറഞ്ഞത് ശീര്‍ഷാസനത്തില്‍ നിന്നു വേണമെങ്കിലും ഞങ്ങള്‍ കുര്‍ബാന ചൊല്ലും. അത് ഞങ്ങള്‍ തീരുമാനിക്കും. മെത്രാന്‍ തോക്കു ചൂണ്ടി ലാത്തി കാണിച്ച് ചെല്ലെടാ എന്നു പറഞ്ഞാൽ ചൊല്ലാന്‍ സൗകര്യമില്ല എന്ന് ഞങ്ങള്‍ പറയും. 

ഞങ്ങള്‍ വിചാരിക്കുന്ന സമയത്ത് ഞങ്ങള്‍ക്കു ബോധ്യപ്പെടുന്ന കുര്‍ബാന ചൊല്ലും. ഇത് ഞങ്ങള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശമാണ്. അല്ലാതെ, കാനന്‍ നിയമം തരുന്ന അവകാശമല്ല.. കാനന്‍ നിയമം മെത്രാന്റെ തറവാട്ടു കാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ളോഹ ഊരിവെച്ച് സാധാരണ വസ്ത്രമിട്ടാണ് വൈദികൻ അധിക്ഷേപ പരമാര്‍ശം നടത്തിയത്. 460 വൈദികരില്‍ നിന്നു 60 വൈദര്‍കര്‍ മാത്രമാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കൂടുതല്‍ പേരും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ് വിമത ക്യാമ്പില്‍ ഉള്ളത്.
ഇതിനിടെയാണ് ഫാ. അഗസ്റ്റില്‍ വട്ടോളി സഭാനിയമത്തേയും മെത്രാന്മാരെയും അധിക്ഷേപിച്ചു പ്രസംഗം നടത്തിയത്.  

അഡ്മിനിസ്‌ട്രേറ്റര്‍മാരെ മിസ്റ്റര്‍ ബിഷപ്പെന്നും കാലഹരണപ്പെട്ട സഭാ നിയമങ്ങള്‍ യൂറോപ്പിനെ തകര്‍ത്തു, സഭയില്‍ അല്‍മായര്‍ക്ക് ഒരു വിലയുമില്ല, അവരുടെ പണം കൊണ്ട് ജീവിക്കുന്നവരാണ് താന്‍ ഉള്‍പ്പടെയുള്ളവര്‍ എന്നും  വൈദികൻ പറഞ്ഞു

സഭയെയും സഭയുടെ നിയമങ്ങളേയും വെല്ലുവിളിച്ച വൈദികനെതിരെ കര്‍ശന ശിക്ഷാനടപടികള്‍ വേണമെന്ന ആവശ്യമാണ് വിശ്വാസികള്‍ ഉന്നയിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *