പണ്ടാരോ പറഞ്ഞത് തെറ്റ്. മനുഷ്യന്‍ തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് അവന്‍ തനിയെ.. ‘സുകൃതം’ എന്ന ചലച്ചിത്രത്തിന്‍റെ അവസാന രംഗത്തിനു വേണ്ടി എംടി എഴുതിയ വരികളാണിത്.
“ഗംഗ ശാന്തമാണ് . വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാനൊരുങ്ങുകയാണ്.” മരണം ചുറ്റുപാടും നിറയുന്ന കാശിയുടെ പശ്ചാത്തലത്തില്‍ എം ടി എഴുതിയ അവസാന നോവല്‍ വാരണാസിയിലുമുണ്ട് മരണത്തിന്‍റ ഗന്ധമുള്ള വാക്കുകള്‍.
ഓരോ പിറന്നാൾ ദിനത്തിലും ഇത്രയും കാലം ജീവിക്കാൻ കിട്ടിയതിൽ എം ടി പലരോടായി പലപ്പോഴായി നന്ദി രേഖപ്പെടുത്തിയിരുന്നു. ശാസ്ത്രത്തോടും കാലത്തോടും വൈദ്യശാസ്ത്രത്തോടും പിന്നെ ദൈവത്തോടുമെല്ലാം.
മരണത്തെക്കുറിച്ച് ഇങ്ങനെ ഒരുപാട് ചിന്തിച്ചിട്ടുള്ള എഴുത്തുകാരൻ താൻ മരണപ്പെട്ടാലും എന്ത് ചെയ്യണം എന്ന് കൃത്യമായി ഭാര്യ സരസ്വതി ടീച്ചറോട് പറഞ്ഞിരുന്നു.
പൊതുദർശനം പാടില്ലെന്നും മരിച്ചു കഴിഞ്ഞാൽ എത്രയും വേഗം സംസ്ക്കരിക്കണം എന്നും. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് എം ടി യുടെ വീട്ടുകാർ.
പൊതു സ്ഥലത്ത് മൃതദേഹം പൊതുദർശനത്തിന് വെക്കാതെ വീട്ടിലേക്ക് കൊണ്ടുവന്ന ചടങ്ങുകൾ നടത്തുന്നു അവിടെ വന്നു കാണുന്നവർക്കു മാത്രമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹിന്ദു ധർമ്മപ്രകാരം മൃതദേഹം സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് സംസ്കരിക്കണമെന്നാണ് ചട്ടം അതിന് അനുസൃതമായിട്ടാണ് സംസ്കാര ചടങ്ങുകളും കോഴിക്കോട് മാവൂർ റോഡ് സ്മശാനത്തിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് നാലുമണിയോടെ മൃതദേഹം വീട്ടിൽ നിന്നും എടുക്കും. ആറുമണിക്ക് മുമ്പായി സംസ്കാര ചടങ്ങുകളും പൂർത്തിയാകും. എല്ലാം കഥയുടെ നാലുകെട്ട് ഒഴിഞ്ഞ എം ടി എന്ന മലയാളത്തിലെ വലിയ കഥാകാരൻ നിശ്ചയിച്ചത് പോലെ തന്നെ.