ഒരു കാലത്തിന് കൈയ്യൊപ്പ് ചാര്‍ത്തിയ എഴുത്തുകാരന്‍, അതായിരുന്നു സഹിത്യലോകം രണ്ട് അക്ഷരത്തില്‍ ആരാധിച്ചിരുന്ന എം.ടി എന്ന എം.ടി വാസുദേവന്‍ നായര്‍.
നിളാനദി തീരത്തെ കൂടല്ലൂര്‍ ഗ്രാമത്തില്‍ വളര്‍ന്ന്, എഴുത്തില്‍ ഒരൊഴുക്ക് തീര്‍ത്ത കഥാകാരന്‍. നാട്ടിന്‍പുറത്തിന്റെ തനിമയും ഗൃഹാതുരത്വത്തിന്റെ നനവും അങ്ങനെയാവാം എം.ടിയുടെ രചനകളിലെല്ലാം പ്രതിഫലിച്ചത്.

കൂടല്ലൂര്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍, എം ടിയായി വളര്‍ന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമാണ്. സാഹിത്യത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ കുഞ്ഞു കുഞ്ഞു എഴുത്തിലൂടെ ലോക സാഹിത്യ നഭസ്സിലേക്ക് ഉയര്‍ന്ന എഴുത്തുകാരന്‍

എന്നാല്‍ ഒരോ എഴുത്തിലൂടെയും അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എം ടി യ്ക്ക് കഴിഞ്ഞിരുന്നു. വായനക്കാരനെ വായിക്കുന്ന കഥയിലെ കഥാപാത്രമാക്കി മാറ്റുന്ന ആ അത്ഭുത വിദ്യ എം ടിയുടെ തൂലികത്തുമ്പില്‍ ഭദ്രമായിരുന്നു എന്നും.
ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നോ ചരിത്രാവശേഷിപ്പുകളെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരുതരം ആഖ്യാന ശൈലി. തൂലിക തുമ്പിലൂടെ ഉതിര്‍ന്ന അക്ഷരങ്ങളിലൂടെ വാക്കുകള്‍ കടഞ്ഞെടുത്ത എം.ടിയെ എഴുത്തിന്റെ പെരുന്തച്ചന്‍ എന്ന് വിളിക്കുന്നതും അതു കൊണ്ട് തന്നെ.
അക്ഷരങ്ങളായിരുന്നു എംടിയുടെ സമ്പത്ത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.

അക്ഷരങ്ങളെക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത് എന്നും അതിന് അക്ഷരങ്ങളോട് നന്ദി പറയുന്നതായും എഴുത്തുകാരനാവാന്‍ തോന്നിയ ആ  നിമിഷമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നും എം.ടി പല വേദിയിലും എളിമയോടെ പറഞ്ഞിട്ടുണ്ട്

എം ടിയെ വായിക്കാത്ത മലയാളിയില്ല  എന്നതാണ് സത്യം. കഥ എഴുത്തില്‍ മാത്രമല്ല തിരകഥകളിലും ലേഖനങ്ങളിലും എല്ലാം. എഴുത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് എം.ടി മടങ്ങുന്നത്.
എം ടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ വായനക്കാരനെയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു ആ ഓരോ രചനയ്ക്കും. 
അത്രമേല്‍ അനുഭവ തീക്ഷ്ണമായ കഥാ സന്ദര്‍ഭങ്ങള്‍. ആത്മ സംഘര്‍ഷങ്ങള്‍. അദ്ദേഹം തയ്യാറാക്കിയ കഥകളിലും നോവലുകളിലും സിനിമ തിരകഥയിലും എല്ലാം അതുണ്ടായിരുന്നു. 

മലബാറിലെ പഴയ നായര്‍ തറവാടുകളുടെ പശ്ചാത്തലത്തില്‍ നിരാശരായ ചെറുപ്പക്കാരുടെ വിഹ്വലതകളും കാമനകളും എക്കാലത്തെയും തലമുറകളുടെ വികാരമാക്കി മാറ്റിയിടത്താണ് എംടി അനശ്വരനായത്

സേതുവിലും, വേലായുധനിലും, വിമലദേവിയിലും, എന്തിന് രണ്ടാമൂഴത്തിലെ ഭീമനില്‍ വരെ നമുക്ക് നമ്മെ കാണാന്‍ കഴിയും.

സാഹിത്യത്തിലെ ജ്ഞാനപീഠ പുരസ്‌കാരം എം.ടിയെ തേടിയെത്തിയതും അതുകൊണ്ട് തന്നെ. എംടി എന്ന രണ്ടക്ഷരത്തില്‍ എഴുതിയ ഇതിഹാസ കാവ്യത്തിന്റെ അവസാന അധ്യായവും പൂര്‍ത്തിയാക്കി എഴുത്തുകാരന്‍ മറയുമ്പോള്‍ മലയാള സാഹിത്യത്തിന് നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത ഒരെഴുത്തുകാരനെയാണ്. 
സ്നാന ഘട്ടങ്ങള്‍ ഉറങ്ങുന്ന, കാലഭൈരവന്‍ റോന്തു ചുറ്റുന്ന കാശിയുടെ കല്‍പ്പടവുകള്‍ കടന്നു മറ്റൊരു ഇടത്താവളത്തിലേക്ക്’ എം ടി എഴുത്തുപേന ഉപേക്ഷിച്ച് നടന്നകന്നു. എന്നെന്നേക്കുമായി.
എം.ടിയില്ലാത്ത കാലം ഇനി പുതു തലമുറ വായിച്ചറിയും…, മലയാള ഭാഷ ഉള്ളിടത്തോളം കാലം.

By admin

Leave a Reply

Your email address will not be published. Required fields are marked *