കാബൂള്‍: അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയിലെ ബര്‍മാല്‍ ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 46 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
പാകിസ്താന്‍ താലിബാന്‍, അല്ലെങ്കില്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) കഴിഞ്ഞ മാസങ്ങളില്‍ മാസങ്ങളില്‍ പാകിസ്താന്‍ സേനയ്‌ക്കെതിരായ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഈ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അഫ്ഗാന്‍ താലിബാന്‍ ആണെന്ന് പാകിസ്താന്‍ ആരോപിച്ചതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വസീരിസ്ഥാനി അഭയാര്‍ത്ഥികള്‍
താലിബാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇനായത്തുള്ള ഖ്വാരസ്മി, പാകിസ്താന്റെ അവകാശവാദങ്ങള്‍ നിരസിച്ചു.
സിവിലിയന്‍മാര്‍, കൂടുതലും വസീരിസ്ഥാനി അഭയാര്‍ത്ഥികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇനായത്തുള്ള എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഇവരോടൊപ്പം ടിടിപി കമാന്‍ഡര്‍മാരും പോരാളികളും അഫ്ഗാനിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും അവിടെ അതിര്‍ത്തി പ്രവിശ്യകളില്‍ അഫ്ഗാന്‍ താലിബാന്‍ അവരെ സംരക്ഷിക്കുന്നുണ്ടെന്നും പാകിസ്താന്‍ വാദിക്കുന്നതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണം
അഫ്ഗാനിസ്താനിലെ ടിടിപി തീവ്രവാദികളുടെ സാന്നിധ്യം മൂലം പാക്കിസ്താനും അഫ്ഗാന്‍ താലിബാനും തമ്മില്‍ കുറച്ചുകാലമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ഈ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അഫ്ഗാന്‍ താലിബാന്‍ ആണെന്ന് പാകിസ്താന്‍ ആരോപിക്കുമ്പോള്‍ പാക് താലിബാന്‍ ഗ്രൂപ്പുമായി തങ്ങള്‍ സഹകരിക്കുന്നില്ലെന്ന് അഫ്ഗാന്‍ താലിബാന്‍ തറപ്പിച്ചുപറയുന്നു.