കോഴിക്കോട് : എം.ടി എന്ന രണ്ടക്ഷരത്തിലൂടെ എം.ടി വാസുദേവന്‍ നായര്‍ എല്ലാവര്‍ക്കും സുപരിചതനായിരുന്നു.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരകഥാകൃത്ത്, സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍, നാടകകൃത്ത് എന്നിങ്ങനെ തൊട്ടയിടമെല്ലാം പൊന്നാക്കിയെടുത്ത അനുഗ്രഹീത വ്യക്തിത്വം. 

മലയാളത്തില്‍ എം.ടി എഴുത്ത് എന്ന ശൈലി തന്നെ ഉണ്ടായിരുന്നു. ഏത് തരം വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ശൈലി. അതായിരുന്നു എം.ടിയെ  എഴുത്തിന്റെ നേതൃ നിരയിലേയ്ക്ക് ഉയര്‍ത്തിയതും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ കവിതയിലൂടെയായിരുന്നു എഴുത്തിന്റെ തുടക്കം

പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കെ ഗുരുവായൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദൈവാരികയില്‍ വന്ന പ്രചീന ഭാരതത്തിലെ വൈര വ്യവസായം എന്ന ലേഖനമായിരുന്നു പുറം ലോകം കാണുന്ന ആദ്യ രചന. 
ചിത്രകേരളത്തില്‍ വന്ന വിഷുവാഘോഷം അങ്ങനെ ആദ്യ കഥയുമായി. പിന്നെ എഴുത്തിന്റെ ലോകത്തായി കൂട്ടുകാരുടെ വാസു. 
വളര്‍ത്തുമൃഗങ്ങളിലൂടെ കഥ എഴുത്തില്‍ സജീവം. ഒപ്പം പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയും. എഴുതിയ നോവലുകളില്‍ ആദ്യത്തേത് പാതിരാവും പകല്‍വെളിച്ചവും ആയിരുന്നെങ്കിലും വായനക്കാര്‍ക്ക് മുമ്പില്‍ പിറവിയെടുത്തത് നാലുകെട്ടായിരുന്നു. അതും 26 -)0 വയസ്സില്‍.  

പിന്നെ നാടകങ്ങള്‍, സഞ്ചാരകുറിപ്പുകള്‍, തിരകഥകള്‍. കൂട്ടുകാര്‍ സ്വരൂകൂട്ടി കണ്ടെത്തിയ പണം കൊണ്ട് ആദ്യം പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നും എം.ടിയുടെ ഒരു എഴുത്തിനായി പ്രസാദകര്‍ വീട്ടില്‍ വന്നു കാത്തിരിക്കുന്ന തരത്തില്‍ എം ടി വളര്‍ന്നു

അപ്പുണ്ണിയിലൂടെ .. ഗോവിന്ദന്‍കുട്ടിയിലൂടെ .. ഭീമസേനന്റെ ആകാരത്തിലേയ്ക്ക് ഉയര്‍ന്ന എഴുത്ത്. ആദ്യം വിമര്‍ശിച്ചവര്‍ വിധേയരായി. ഒടുവില്‍ ആരാധകരും.  മലയാള സാഹിത്യത്തില്‍ രണ്ടാമൂഴത്തിന് മാത്രമായി പ്രാപിക്കാന്‍ കഴിഞ്ഞൊരു ഉയരമുണ്ട്. 
മൗനത്തിന്റെ ഇടവേളകളെ വാക്കുകള്‍ കൊണ്ട് തൊട്ടുണര്‍ത്തി അതുവഴി എം ടിയും ഉയരുകയായിരുന്നു, ഇതിഹാസ കഥാപാത്രങ്ങളൊടൊപ്പം.
ഒടുവില്‍ എഴുത്തില്‍ ഒരു കാലത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി മടങ്ങുകയാണ് മലയാളത്തിന്റെ ഈ ഇതിഹാസ കഥാകാരന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *