കോഴിക്കോട് : മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ പരിചരണത്തിലായിരുന്നു എംടി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെയാണ് ഹൃദയാഘാതം ഉണ്ടായത്. എംടിയുടെ വിടവാങ്ങല്‍ മലയാള സാഹിത്യത്തിനും മലയാള സിനിമയ്‌ക്കും നികത്താനാകാത്ത നഷ്‌ടമാണ്.
1933 ജൂലൈ 15 കർക്കിടക മാസത്തിൽ ഉത്രട്ടാതി നാളിൽ രാത്രിയിലായിരുന്നു മലയാളത്തിന്‍റെ മഹാപ്രതിഭ ജനിച്ചത്. അച്ഛൻ പുന്നയൂർക്കുളം ടി നാരായണൻ നായർ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു എം.ടി വാസുദേവൻ നായർ.