കോഴിക്കോട്: ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ ഗ്രാമത്തിൽ, സാഹിത്യവുമായോ എഴുത്തുമായോ സിനിമയുമായോ ബന്ധമില്ലാത്തൊരു വീട്.
ആ വീട്ടിൽ ചേട്ടൻ വല്ലപ്പോഴും കൊണ്ടുവരുന്ന പുസ്തകങ്ങൾ മാത്രം വായിച്ചു വളർന്നൊരു ബാല്യം. വാസു എന്ന വിളിപ്പേരുള്ള വാസുദേവന്റെ ജീവിതം അങ്ങനെയാണ് തുടങ്ങിയത്.
വായന പതിയെ എഴുത്തിലേക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ഉന്തുവണ്ടിയെന്ന ആദ്യ കഥ. ഇരുകാലിനും സ്വാധീനമില്ലാത്തൊരാളെ ഉന്തുവണ്ടിയിൽ ഇരുത്തി പണം ശേഖരിക്കുന്നൊരാളോടുള്ള രോഷമായിരുന്നു ആ കഥയിൽ. പക്ഷേ, ആദ്യം അച്ചടി മഷി പരന്നത് എഴുതിയ ലേഖനത്തിലാണ്. ചിത്രകേരളം എന്ന ഒരു മാസികയിൽ
ആദ്യം ഒരു ലേഖനം വി. എൻ. തെക്കേപ്പാട്ട് എന്ന പേരിൽ എഴുതി. എസ്. കെ. പൊറ്റെക്കാട് എന്ന പേരിൽനിന്നുമുള്ള പ്രചോദനമായിരുന്നത്. പിന്നീട് തകഴിയെപ്പോലെ സ്ഥലംവെച്ച് വേറൊന്നു കൂടല്ലൂര്‍ വാസുദേവൻ നായർ എന്ന പേരിൽ അയച്ചു. വേറൊന്ന് എം. ടി. വാസുദേവൻനായർ എന്ന പേരിലും.
മാസിക വന്നപ്പോൾ അയച്ച മൂന്നു ലേഖനങ്ങളും വന്നു. എം.ടി എന്ന മലയാളി സ്വകാര്യ അഹങ്കാരമായി വളർന്ന ഒരു എഴുത്തുകാരന്റെ ജനനം അവിടെ തുടങ്ങുകയായി
വിക്ടോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് എം.ടി യുടെ ആദ്യ കഥാസമാഹാരം ‘രക്തംപുരണ്ട മൺതരികൾ’ പുറത്തിറങ്ങുന്നത്.
പിന്നീടങ്ങോട്ട് എത്ര എത്രയെത്ര കഥകൾ, ലേഖകനങ്ങൾ, സിനിമകൾ . മൂന്നു തലമുറകളെ വായിപ്പിച്ച സാഹിത്യകാരൻ. മൂന്നു തലമുറകളെ നവീന ഭാവുകത്വത്തിലേക്കുയുർത്തിയ സിനിമാക്കാരൻ അങ്ങനെ എന്തല്ലാം .. .
നിളയുടെ കുട്ടിയായി വളർന്നുവലുതായി നമ്മുടെയെല്ലാം അഭിമാനമായി മലയാളത്തിന്റെ പര്യായമായ എംടിയായി മാറി. ഭാരതപ്പുഴയുടെ തീരങ്ങളിൽ വളർന്ന ആ കുട്ടി ഭാഷയുടെ കൊടുമുടി കയറി. നിളയുടെ അനുഗ്രഹം കൊണ്ടാകാം എം ടി യിൽ നിന്ന് ഉറവയെടുത്ത അക്ഷരങ്ങൾ എല്ലാം തെളിമയുള്ളതായിരുന്നു.