ക്രിസ്തുമസിനെ വരവേൽക്കാൻ നോയമ്പ് നോറ്റ് കാത്തിരിയ്ക്കുകയായിരുന്നു ലോകം.
അസ്ഥികൾ മരവിച്ചുപോകുന്ന ഡിസംബറിലെ ഒരു പാതിരാവിലായിരുന്നുവല്ലോ ലോകസമാധാനത്തിനായുള്ള തിരുപ്പിറവി.
നക്ഷത്രങ്ങളുടെ വഴിവെട്ടത്തിൽ വന്നവരിൽ രാജാക്കളും ആട്ടിടയരും മറ്റ് പൗരജനങ്ങളും മിണ്ടാപ്രാണികളും തിക്കിത്തിരക്കി.
കാലിത്തൊഴുത്തിൽ, പുല്ലുകൾ വിരിച്ച് മെത്തയാക്കി, അതിന് മുകളിൽ വിരിച്ച ചേലയിൽ ചോരച്ചുണ്ടും, വിടരാൻ തുടങ്ങുന്ന നീലക്കണ്ണുള്ള മിഴികളും, മൃദുലമായ ചെമ്പൻ മുടിയും റോസാദളത്തിന്റെ നിറവുമുള്ള ചേലൊത്തൊരാൺതരി.
ആ പൈതലിനരികിൽ, വാത്സല്യാതിരേകത്താൽ വിജൃംഭിതമനവുമായി ഉണ്ണിയുടെ അമ്മ. അമ്മയുടെ ചാരത്ത് ആശ്വാസ നെടുവീർപ്പുമായി പിതാവ്.
ഉണ്ണിയുടെ തൃച്ചേവടികളിൽ തിരുമുൽക്കാഴ്ചകൾ സമർപ്പിച്ച് രാജാക്കൾ, തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി മനസ്സില്ലാമനസ്സോടെ മടങ്ങി.
ആട്ടിടയരിൽ ചിലരെ അമ്മയ്ക്കും കുഞ്ഞിനും കാവലേർപ്പെടുത്തിയാണ് രാജാക്കൾ മടങ്ങിയത്.
നക്ഷത്രങ്ങളുടെ ഇത്തിരിവെട്ടത്തിൽ കുഞ്ഞു നീലക്കണ്ണുകൾ തിളങ്ങി. ആ അമ്മയുടെ തിരുവയറ്റിൽ ജന്മമെടുത്തത്, ലോകാരാദ്ധ്യനായ സ്നേഹസ്വരൂപനായ, വർണ്ണ, വർഗ്ഗ, ഭാഷാ, കാല, ദേശ ഭേദങ്ങളും വേർതിരിവുകളും, അതിരുകളും ഇല്ലാത്ത സമാധാനപ്രഭു ആയിരുന്നു എന്ന് ലോകത്തിന് അറിയുമായിരുന്നില്ലല്ലോ !
ലോക സമാധാനത്തിനും പാപജന്മങ്ങളായ മനുഷ്യരുടെ പാപങ്ങൾ സ്വയം ഏറ്റെടുത്തും കള്ളസാക്ഷികളായ ഇരുകാലികളുടെ മൊഴികളെ വിശ്വസിച്ച നീതി പണിയിച്ച കുരിശിൽ പിടഞ്ഞു മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് നിത്യജീവനായി സ്വർലോകവാസിയായും ഭൂലോകവാസിയായും വസിയ്ക്കുന്ന യേശുദേവന്റെ തിരുനാൾ ദിനം ലോകമെമ്പാടും ആഘോഷിയ്ക്കുകയാണ്.
രണ്ടായിരത്തിൽ പരം സംവത്സരങ്ങൾക്ക് മുൻപ് മനുഷ്യപുത്രനായി പിറന്ന ദൈവത്തിന്റെ പിറന്നാൾ ദിനം, ഇരുപത്തിയഞ്ച് ദിവസത്തെ നോയമ്പിന്റെ പുണ്യവുമായാണ് ജനങ്ങൾ ആഘോഷിക്കുന്നത്.
ഡിസംബറിന്റെ ആദ്യദിനം തന്നെ ക്രിസ്തുമസിനെ എതിരേൽക്കാൻ നാടും നഗരവും ഒരുക്കം തുടങ്ങും. തിരുമുറ്റങ്ങളിലും ദേവാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എല്ലാം വർണ്ണരാജികളുടെ മിന്നലാട്ടങ്ങൾ. മാനത്തെ നക്ഷത്രങ്ങളെ ഭൂമിയിലേയ്ക്ക് പറിച്ച് നട്ടുവോ എന്ന് തോന്നിപ്പിക്കും.
ഭവനങ്ങളിൽ, ഓഫീസുകളിൽ, വ്യാപാരസ്ഥാപനങ്ങളിൽ പുൽക്കൂട് ഒരുക്കി ഉണ്ണീശോയുടെ തിരുപ്പിറവിയുടെ ഓർമ്മകളെ പുൽകിയുണർത്തും.
ബന്ധുമിത്രാദികൾ നാടണയുന്ന ക്രിസ്തുമസ് കാലം. എല്ലായിടങ്ങളിലും ആഹ്ലാദപ്പൂത്തിരികൾ. പുതുവസ്ത്രങ്ങൾക്കായുള്ള ഷോപ്പിംഗ് തന്നെ മാമാങ്കമാക്കും.
കുട്ടികളുടെ കുസൃതികളിൽ, കളിചിരികളിൽ വീടുകൾ പൊട്ടിച്ചിരിയ്ക്കും. മുറ്റത്തെ മാങ്കൊമ്പുകൾ ആടിയുലയും, പേരമരച്ചില്ലകൾ താഴേയ്ക്ക് വളയും. തൊടികളിലും മതിലുകളിലും ഓടിക്കയറുന്ന കുസൃതിക്കാലം.
വ്യാപാരസ്ഥാപനങ്ങളിൽ ക്രിസ്തുമസ് കേക്കുകളുടെ ഇറക്കിയെഴുന്നിള്ളിപ്പ്. പല രുചികളിൽ, ആകൃതികളിൽ, കേക്കുകളിൽ തീർക്കുന്ന വിസ്മയം.
സ്വന്തം വീട്ടിലേക്കും സമ്മാനിയ്ക്കുന്നതിനും കേക്കുകൾ തിരയുന്ന ഉത്സാഹങ്ങൾ.
പാതിരാവിലെ കുളിരിൽ പള്ളിയിൽ പോയി വിശുദ്ധ കുർബ്ബാന കൈക്കൊണ്ട പുണ്യവുമായി തിരികെ വീട്ടിലേക്ക്. കുടുംബാംഗങ്ങളുമായി ഒന്നിച്ച് വിഭവസമൃദ്ധമായ ക്രിസ്തുമസ് സദ്യ.
ഒരുമയുടെയും സ്നേഹത്തിന്റെയും പുണ്ണ്യദിനം കടന്നുപോയാലും ഒരുമിച്ചുണ്ടാകണം മരിയ്ക്കുവോളം എല്ലാവരും എന്ന ഹൃദയത്തിന്റെ മൗനമായ ആശംസകളും ആഗ്രഹങ്ങളും പ്രാർത്ഥനകളും അന്യോന്യം പകർന്നുള്ള വിടപറച്ചിൽ.
മൗന നൊമ്പരങ്ങളിൽ വേപഥപൂണ്ട മനം മിഴികളെ ഈറനണിയിച്ചു. അടുത്തൊരു ക്രിസ്തുമസ് കാലത്തിനായി പടിവാതിൽ പാതി ചാരി തിരികെ വീട്ടിലേക്ക്.