7,000 കിലോമീറ്റര്‍ അകലെ ഡോക്ടർ, ക്യാൻസർ രോഗിക്ക് റിമോട്ട് റോബോട്ടിക് സർജറി; മിഡില്‍ ഈസ്റ്റില്‍ ആദ്യം

കുവൈത്ത് സിറ്റി: വിദൂര റോബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മിഡിൽ ഈസ്റ്റിലെ ആദ്യത്തെ റാഡിക്കല്‍ പ്രോസ്റ്റേറ്റ്ക്ടമി സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി കുവൈത്തിലെ സബാ അല്‍ അഹ്മദ് കിഡ്നി ആന്‍ഡ് യൂറോളജി സെന്‍റര്‍. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് മെഡ്‌ബോട്ട് ടൗമൈ റിമോട്ട് റോബോട്ട് ഉപയോഗിച്ച് ഇത്തരം സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കുന്നത്. 

ക്യാന്‍സര്‍ സ്ഥിരീകരിച്ച കുവൈത്ത് സ്വദേശിയായ രോഗിക്കാണ് സര്‍ജറി നടത്തിയത്. ഇത്രയും സങ്കീര്‍ണവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമായ സര്‍ജറി വിജയകരമാക്കുന്ന ആഗോള തലത്തിലെ തന്നെ ആദ്യ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കുവൈത്ത്. ചൈനയില്‍ ഇരുന്നു കൊണ്ടാണ് സെന്‍ററിലെ മേധാവിയായ ഡോ. സാദ് അല്‍ ദൊസാരി ശസ്ത്രക്രിയ നടത്തിയത്. കുവൈത്ത് ആരോഗ്യ രംഗത്ത് സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുകയാണ് ഈ നാഴികക്കല്ലുമെന്ന് ഡോ. സാദ് അല്‍ ദൊസാരി പറഞ്ഞു.

Read Also – പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; രാജ്യത്ത് തുടരുന്ന നിയമലംഘകർക്ക് കടുത്ത ശിക്ഷ, കർശന പരിശോധന തുടങ്ങും

കുവൈത്തിലുള്ള രോഗിയും ചൈനയിലുള്ള ഡോക്ടറും തമ്മില്‍ ഏകദേശം 7,000 കിലോമീറ്റര്‍ ദൂരവ്യത്യാസമാണ് ഉണ്ടായിരുന്നത്.  2014 മുതല്‍ തന്നെ സെന്‍ററില്‍ റോബോട്ടിക് സര്‍ജറികള്‍ നടത്തി വരാറുണ്ട്. എന്നാല്‍ ടെലിസര്‍ജറി എന്ന് കൂടി അറിയപ്പെടുന്ന ഈ വിദൂര റോബോട്ടിക് ശസ്ത്രക്രിയ, അറേബ്യന്‍ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യത്തേതാണ്. രോഗിയുടെ സുരക്ഷ ഉറപ്പാക്കിയാണ് സര്‍ജറി നടത്തിയത്. സബാ അല്‍ അഹ്മദ് സെന്‍ററിലെ സര്‍ജന്മാര്‍, അനസ്തേഷ്യോളജിസ്റ്റുകള്‍, നഴ്സുമാര്‍ എന്നിവര്‍ കുവൈത്തിലെ ഓപ്പറേഷന്‍ മുറിയില്‍ ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin