കോട്ടയം: സ്‌കൂളിലെ പുല്‍ക്കൂട് തകര്‍ത്തതു മുതല്‍ പ്രധാനമന്ത്രി സി.ബി.സി.ഐ ആസ്ഥാനം സന്ദര്‍ശിച്ചതു വരെ വിവാദത്തില്‍.. മുന്‍പെങ്ങുമില്ലാത്ത വിധമാണു കേരളത്തില്‍ ക്രിസ്മസ് ആഘോഷങ്ങളെ ചൊല്ലി വിവാദങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നത്.
പാലക്കാട് ജില്ലയില്‍ രണ്ടു സ്‌കൂളുകള്‍ക്കു നേരെ ക്രിസ്മസുമായി ബന്ധപ്പെട്ട് ആക്രമണ സംഭവങ്ങള്‍ ഉണ്ടായി. തത്തമംഗലത്ത് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തി.
തത്തമംഗലം ജി.ബി.യു.പി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ആരാണ് പുല്‍ക്കൂട് തകര്‍ത്തതെന്ന് നിലവില്‍ വ്യക്തമല്ല. ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
പാലക്കാട് ജില്ലയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ക്രിസ്മസുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. രണ്ട് അക്രമ സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണോയെന്ന സംശയവും മന്ത്രി പ്രകടിപ്പിച്ചു.
ഒരു വശത്ത് പുല്‍ക്കൂട് തകര്‍ത്ത സംഭവങ്ങള്‍ നടക്കുമ്പോള്‍ ക്രൈസ്തവ സഭകളെ കേരളത്തില്‍ അടുപ്പിച്ചു നിര്‍ത്താനുള്ള ബിജെപി നീക്കങ്ങളും വിവാദങ്ങൾക്ക് വഴിവെക്കുന്നു.
കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായി അടുത്ത് നില്‍ക്കാനാണ് ബിജെപി തീരുമാനം. എന്നാൽ, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിക്കാട്ടി ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്.
ഡല്‍ഹി സിബിസിഐ ആസ്ഥാനം പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ ചൊല്ലയും വിവാദങ്ങള്‍ കൊഴുക്കുകയാണ്. പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് നേരെ വി.എച്ച്.പി ആക്രമണം ഉയര്‍ത്തിക്കാട്ടിയാണ് ഇടതു കേന്ദ്രങ്ങള്‍ ആരോപണം ഉയര്‍ത്തുന്നത്.
ഇതിനെ പ്രതിരോധിക്കാൻ കേന്ദ്ര നിർദേശപ്രകാരം ആക്രമണത്തെ തള്ളിപ്പറഞ്ഞു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വി. മുരളീധരനും രംഗത്തുവരുകയും ചെയ്തു.
അതേ സമയം സഭാധ്യക്ഷന്മാര്‍ മോഡിയോടൊപ്പം ക്രിസ്മസ് ആഘോഷിച്ച സംഭവത്തില്‍ ഇരുന്നൂറോളം സാമൂഹ്യ-സംസ്‌കരിക പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു.
തുഷാര്‍ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, തുടങ്ങിയവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. 2024 ജനുവരി മുതല്‍ 2024 നവംബര്‍ വരെ 745 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരേ ഉണ്ടായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നാലെ, ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ് രംഗത്തു വന്നു.
‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ’- എന്നും യൂഹാനോന്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിസ്മസ് വിരുന്ന് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നാടകമാണ്. “ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതായി കാണിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് ആര്‍.എസ്.എസിന്റെ സംഘടനകള്‍ പുല്‍ക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു”.
“വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താല്‍ക്കാലികമായി പ്രീതിപ്പെടുത്തുന്നതെന്നും” യൂഹാനോന്‍ മിലിത്തിയോസ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.