കോട്ടയം: ക്രിസ്മസ് എത്തിയതോടെ പോര്‍ക്കിനു ഡിമാന്‍ഡ് വര്‍ധിച്ചു. ആവശ്യത്തിനു പന്നിറയിറച്ചി കിട്ടാനില്ലെന്നു പരാതി.
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കു പന്നി കയറ്റി അയക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ പന്നിക്ഷാമം രൂക്ഷമാണ്.
അടിക്കടി ഉണ്ടാകുന്ന പന്നിപ്പനി കാരണം പലരും പന്നിവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന പന്നിയാണ് ഇപ്പോള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത്.
ക്രിസ്മസ് എത്തുന്നതിനു മുന്‍പ് 370 രൂപയായിരുന്ന പന്നിവില 450 രൂപയിലേക്ക് എത്തി. നാടന്‍ പന്നിയിറച്ചിക്കു പറയുന്ന വില നല്‍കണം. രുചി കൂടുതല്‍ നാടന്‍ പന്നിയിറച്ചിക്കാണെന്നു വാങ്ങാന്‍ എത്തുന്നവര്‍ പറയുന്നു.
എന്നാല്‍, ആവശ്യത്തിനു പന്നിയെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ക്രിസ്മസ് മുന്നിൽക്കണ്ട് വീട്ടില്‍ വളര്‍ത്തുന്ന ഇത്തരം പന്നികള്‍ക്ക് ആഴചകള്‍ക്കു മുന്‍പു തന്നെ വില പറഞ്ഞു ബുക്കു ചെയ്തിരുന്നു.
പന്നി വളര്‍ത്തലില്‍ നിന്നു പിന്മാറിയവര് പോലും ക്രിസ്മസ് വിപണിയിലെ ആവശ്യക്ത പ്രതീക്ഷിച്ചു പന്നി വളര്‍ത്തല്‍ ആരംഭിച്ചിരുന്നു.
ഇതിനിടെ കോട്ടയത്തു കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളില്‍ പത്തു ദിവസം മുന്‍പ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതു തിരിച്ചടിയായി.
രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും പന്നികളെ കൊന്നു സംസ്കരിക്കുകയും ചെയ്തിരുന്നു.
മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്.
അതേസമയം ക്രിസ്മസിനോടനുബന്ധിച്ച് പോത്തിറച്ചിക്കും വില കൂടി. 400 മുതല്‍ 440 രൂപയ്ക്കു വരെയാണു വില്‍ക്കുന്നത്. ആട്ടിറച്ചി വില പലയിടങ്ങളിലും 1000 രൂപയ്ക്കു മുകളിലെത്തി.