ഡല്‍ഹി: ജന്മദിന ആഘോഷത്തിനിടെ ആളുകളുടെ ഇടയില്‍ അപമാനിക്കപ്പെട്ട വിഷമത്തില്‍ 17കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. ചടങ്ങില്‍ അപമാനിക്കപ്പെട്ട ദളിത് യുവാവാണ് തൂങ്ങിമരിച്ചത്.
ഡിസംബര്‍ 20 ന് രാത്രി ഒരു നാട്ടുകാരന്റെ ജന്മദിന പാര്‍ട്ടിയിലേക്ക് യുവാവിനെ ക്ഷണിച്ചു.
ആഘോഷത്തിനിടെ നാല് വ്യക്തികള്‍ 17കാരന്റെ വസ്ത്രം കീറിയെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ഈ പ്രവൃത്തി അവര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു
പിന്നീട് വീഡിയോ വൈറലാക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പ്രതിയോട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ യുവാവ് അപേക്ഷിച്ചെങ്കിലും അവര്‍ അവനെ കൂടുതല്‍ അപമാനിച്ചു.
മനോവിഷമത്തിലായ യുവാവ് വീട്ടില്‍ തിരിച്ചെത്തി സംഭവം മാതാപിതാക്കളോട് പങ്കുവെച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദുഃഖിതരായ കുടുംബം മൃതദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, കേസെടുക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ ആദ്യം തയ്യാറായില്ല
തുടര്‍ന്ന് വീട്ടുകാര്‍ മൃതദേഹം പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവിലാണ് പോലീസ് കേസെടുത്ത് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയത്.