കോട്ടയം: കോട്ടയം ജില്ലയില്‍ 2024 ല്‍ മദ്യപിച്ചു വാഹനമോടിച്ചതിനു രജിസ്റ്റര്‍ ചെയ്തത് 12,506 കേസുകളാണ്. ഇക്കാലയളവിൽ ജില്ലയിലെ നിരത്തുകളില്‍ പൊലിഞ്ഞത് 225 ജീവനുകളാണ്.
55 ശതമാനം അപകടങ്ങളിലും മരണമടഞ്ഞത് ഇരുചക്രവാഹന യാത്രക്കാരും. വാഹനമിടിച്ച് 55 കാല്‍നടയാത്രക്കാരും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.
210 മരണങ്ങളും അശ്രദ്ധമൂലമാണെന്നാണ് അധികൃതര്‍ പറയുന്നു. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങ്, ഡ്രൈവിങ്ങിനടയിലെ മൊബൈല്‍ ഉപയോഗം എന്നിവയാണ് അപകടങ്ങളിലെ പ്രധാന വില്ലന്‍.
വിശ്രമമില്ലാത്തത് മൂലം ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത്, വഴിവിളക്ക്, സൈന്‍ബോര്‍ഡുകള്‍ എന്നിവയുടെ അഭാവം, ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകള്‍ എന്നിവയും അപകടങ്ങളിലേക്കു നയിക്കുന്നു.
എം.സി. റോഡാണ് അപകടങ്ങളില്‍ മുന്നില്‍. മൂവാറ്റുപുഴ – പുനലൂര്‍ പാതയും അപകടങ്ങളില്‍ പിന്നിലല്ല. ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് മരിച്ചവരില്‍ ഏറെയും.
റോഡുകള്‍ നവീകരിച്ചതു വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങള്‍ക്കു പരിഹാരമായില്ല. അമിതവേഗം ചിലര്‍ക്കു ഹരമായി മാറുമ്പോള്‍ മരിക്കുന്നവരിലേറെയും ചെറുപ്പക്കാരാണ്. അപകടങ്ങളെത്തുടര്‍ന്നു ജീവിതത്തിലേക്ക് തിരികെ എത്താന്‍ കഴിയാതെ ചികിത്സയില്‍ കഴിയുന്നവരുമേറെ.
ലഹരി ഉപയോഗിച്ച് അമിത വേഗമുണ്ടാക്കിയ അപകടം മുതല്‍ ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചുണ്ടായ അപകടം വരെയുണ്ട്. ഗൂഗിള്‍ വഴി തെറ്റിച്ച് കുമരകത്ത് തോട്ടില്‍ വീണു രണ്ടു പേര്‍ മരിച്ചപ്പോള്‍ കുറുപ്പന്തറയില്‍ വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്.
അപകടങ്ങള്‍ വര്‍ധിച്ചതോടെ എം.സി. റോഡില്‍ പട്ടിത്താനം മുതല്‍ ജില്ലാ അതിര്‍ത്തിയായ ചോരക്കുഴി പാലം വരെയുള്ള അപകടസാധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.
അപകടസാധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനായിരുന്നു നീക്കം. പക്ഷേ, സിഗ്നല്‍ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാന്‍ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.