ന്യൂഡല്‍ഹി:വിവാദമായ വ്യാജ ഐ.എ.എസ് കേസിലെ പ്രതിയായ മുന്‍ ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കറിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പ്രഥമദൃഷ്ട്യാ അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അധികാരികളെ കബളിപ്പിക്കലാണെന്നും അതിനായി ചെയ്ത കാര്യങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പൂജ ഖേദ്കര്‍ നിയമനത്തിന് യോഗ്യയല്ലായെന്നും കോടതി പറഞ്ഞു.
വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമുള്‍പ്പെടെയാണ് പൂജക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഐ.എ.എസ് ട്രെയിനി ഓഫീസര്‍ എന്ന നിലയില്‍ പ്രതിയുടെ പ്രവൃത്തി തട്ടിപ്പിനുള്ള ക്ലാസിക് ഉദാഹരണമാണെന്നും അധികാരികളോട് മാത്രം വഞ്ചന ചെയ്തതെന്നും പകരം ഇത് രാഷ്ട്രത്തോടു ചെയ്ത വഞ്ചനയാണെന്നും കോടതി പറഞ്ഞു.
ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ പൂജ യു.പി.എസ്.സി പരീക്ഷയില്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെക്കുറിച്ച് കള്ളം പറയുകയും പേരും കുടുംബപ്പേരും മാറ്റുകയും വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഐ.എ.എസ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കത്തിയതോടെ പൂജയുടെ ഐ.എ.എസ് റദ്ദാക്കുകയായിരുന്നു.
ഐ.എ.എസ് നിയമം, 1954.ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ അയോഗ്യരാകുകയോ സര്‍വീസില്‍ തുടരാന്‍ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താല്‍ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമമാണിത്.
സര്‍വീസില്‍ കയറുന്നതിന് വേണ്ടി വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് പൂജ നല്‍കിയത്. തുടര്‍ന്നാണ് പൂജയുടെ ഐ.എ.എസ് യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *