ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പൊലീസ്. യുവതി മരിച്ച വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനാണ് കേസെടുത്തത്. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റർ വിട്ടെന്നായിരുന്നു അല്ലു അർജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
തിയറ്റർ വിടാനുള്ള അഭ്യർഥന താരം നിരസിച്ചതായി പൊലീസ് പറയുന്നു. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. അല്ലുവിന്റെ അടുത്തേക്ക് പോകാൻ തിയറ്റർ മാനേജർ അനുവദിച്ചില്ലെന്ന് ചിക്കഡപള്ളി എസിപി രമേഷ് കുമാർ പറഞ്ഞു. പൊലീസിന്റെ സന്ദേശം താൻ കൈമാറാമെന്ന് തിയറ്റർ ഉടമ പറഞ്ഞു. സന്ദേശം കൈമാറിയില്ല. താരത്തിന്റെ മാനേജരോട് ദുരന്ത വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവസാനം താരത്തിന് അടുത്തെത്തി ദുരന്ത വിവരം പറഞ്ഞെങ്കിലും സിനിമ പൂർത്തിയായശേഷം മടങ്ങാമെന്നാണ് പറഞ്ഞതെന്നും എസിപി പറഞ്ഞു. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെയും പൊലീസിനെയും പിടിച്ചു തള്ളിയതായും പൊലീസ് പറഞ്ഞു. താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസുകാരെയോ ജനങ്ങളെയോ കയ്യേറ്റം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി.യുവതിയുടെ മരണത്തെ തുടർന്ന് അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലിൽ കഴിയേണ്ടിവന്നു. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തിയറ്ററിൽ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിനുനേരെ ഇന്നലെ ആക്രമണമുണ്ടായി. അതിക്രമിച്ചു കയറിയ ആളുകൾ വീടിനു കല്ലെറിഞ്ഞു. പൂച്ചെട്ടികൾ തകർത്തു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികളാണ് ആക്രമണം നടത്തിയത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *