ഡല്‍ഹി: മാട്രിമോണിയല്‍ ആപ്പുകള്‍ വഴി സമ്പന്നരുമായി അടുപ്പം സ്ഥാപിക്കുകയും ഇവരെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവും തന്ത്രപൂര്‍വ്വം കൈക്കലാക്കി മുങ്ങുന്നതും പതിവാക്കിയ കുപ്രസിദ്ധ ‘കള്ളി വധുവിനെ’ പൊലീസ് പിടികൂടി. ജയ്പൂരിലാണ് സംഭവം.
വിവാഹശേഷം പണക്കാരില്‍ നിന്ന് പണം തട്ടുന്നത് പതിവാക്കിയ യുവതിയാണ് രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായത്.
മാട്രിമോണിയല്‍ ആപ്പുകള്‍ വഴി തന്റെ ഇരകളെ കണ്ടെത്തുന്ന കല്യാണപ്പെണ്ണ് അവരുടെയും കുടുംബാംഗങ്ങളുടെയും വിശ്വാസം നേടിയ ശേഷം വിവാഹബന്ധത്തിലേക്ക് എത്തുകയും തുടര്‍ന്ന് പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുകയുമായിരുന്നു രീതി
ഉത്തരാഖണ്ഡില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഒരു മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ടതിന് ശേഷം ജയ്പൂരിലെ പ്രശസ്ത ജ്വല്ലറി ഉടമയെ യുവതി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു.
ഭര്‍തൃവീട്ടുകാരുടെ വിശ്വാസം സമ്പാദിച്ച ശേഷം 36.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി യുവതി കടന്നുകളഞ്ഞു.
മാത്രമല്ല, ഡെറാഡൂണിലുള്ള തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കള്ളക്കേസും നല്‍കിയിരുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്ത് കൂടുതല്‍ പണം തട്ടുകയായിരുന്നു ലക്ഷ്യം.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയ്പൂര്‍ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് കുമാര്‍ അറസ്റ്റ് സ്ഥിരീകരിച്ചു. മുമ്പ് മറ്റ് ബിസിനസുകാരെയും പ്രൊഫഷണലുകളെയും യുവതി വിവാഹം കഴിച്ച് കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
ഒന്നിലധികം കേസുകളില്‍ യുവതിക്ക് പങ്കുള്ളതായി സംശയിക്കുന്നതിനാല്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
2023 ജൂലൈ 29 ന് ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസ് പുറത്തായത്.
തന്റെ ആദ്യ ഭാര്യയുടെ വിയോഗത്തെത്തുടര്‍ന്ന്, ഒരു മാട്രിമോണിയല്‍ ആപ്പിലൂടെ താന്‍ മറ്റൊരു വധുവിനെ തേടുകയായിരുന്നുവെന്ന് പരാതിക്കാരന്‍ വിവരിച്ചു
താന്‍ തട്ടിപ്പുകാരിയെ പരിചയപ്പെടുകയും ഡെറാഡൂണില്‍ യുവതിയെ സന്ദര്‍ശിക്കുകയും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.
വിവാഹശേഷം പണവും സ്വര്‍ണവുമായി ഭാര്യയെ കാണാതായപ്പോഴാണ് തട്ടിപ്പ് സംശയിച്ചതും പരാതി നല്‍കിയതും.