ടിക് ടോക്കിനെ ”കുറച്ചു കാലം കൂടി” ഇന്നത്തെ നിലയിൽ തന്നെ തുടരുന്ന കാര്യം പരിഗണിക്കാമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. യുവതലമുറ തെരഞ്ഞടുപ്പിൽ തന്നോടൊപ്പം നിന്നുവെന്നും അതിനു സഹായിച്ചത് ടിക് ടോക്ക് ആണെന്നും അദ്ദേഹം ഞായറാഴ്ച അരിസോണയിലെ ഫീനിക്സിൽ വലതുപക്ഷ അനുയായികളുടെ സമ്മേളനത്തിൽ പറഞ്ഞു.
ബില്യൺ കണക്കിന് ആളുകളെ തന്നിലേക്ക് ആകർഷിക്കാൻ ടിക് ടോക്കിനു കഴിഞ്ഞെന്നാണ് ട്രംപിന്റ്‌റെ വിലയിരുത്തൽ. പ്രസിഡന്റ് ജോ ബൈഡൻ ഏപ്രിലിൽ കൊണ്ടുവന്ന നിയമം അനുസരിച്ചു 270 ദിവസത്തിനകം ടിക് ടോക്കിന്റെ ഉടമ ബൈറ്റ് ഡാൻസ് ഓഹരികൾ അമേരിക്കൻ കമ്പനികൾക്ക് വിൽക്കണം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ബൈറ്റ് ഡാൻസിന്റെ ഉടമയിൽ രാജ്യരക്ഷയ്ക്കു വെല്ലുവിളി ഉയരുമെന്ന് ബൈഡൻ വാദിച്ചു.ജനുവരി 19നകം ടിക് ടോക്കിന്റെ ഉടമസ്ഥത ഉപേക്ഷിച്ചു ചൈനീസ് കമ്പനി അത് വിൽക്കണം എന്നാണ് കോടതി നിർദേശം.”ടിക് ടോക്കിനെ കുറിച്ച് നമ്മൾ ചിന്തിക്കണം എന്നാണ് എനിക്കു തോന്നുന്നത്,” ട്രംപ് പറഞ്ഞു. “ഞങ്ങൾക്ക് ടിക് ടോക്കിൽ ബില്യൺ കണക്കിനു ആളുകളുടെ പ്രതികരണം ഉണ്ടായിരുന്നു. അതിമനോഹരം ആയിരുന്നു അത്. അതു കൊണ്ട് കുറേക്കാലം കൂടി അതു വേണം.”ട്രംപിന്റെ സഹായം തേടി ടിക് ടോക് സി ഇ ഒ: ഷു സി ച്യു കഴിഞ്ഞയാഴ്ച്ച ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിൽ എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസിൽ പ്രചാരണത്തിനു ടിക് ടോക് ഉപയോഗിക്കുന്നു എന്ന ആശങ്കയിലൊന്നും കാര്യമില്ലെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു.അതിനിടെ, ജനുവരി 19നു മുൻപ് ഉടമസ്ഥത കൈമാറണമെന്ന തീർപ്പു പുനപരിശോധിക്കാൻ തയാറാണെന്നു ബുധനാഴ്ച്ച സുപ്രീം കോടതി സമ്മതിച്ചത് ബൈറ്റ് ഡാൻസിന് മെച്ചമായി.
ജനുവരി 10നു കോടതി കമ്പനിയുടെ വാദങ്ങൾ കേൾക്കും.കോടതി തീർപ്പു അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നാണ് അവർ വാദിക്കുന്നത്. ഒന്നാം ഭേദഗതിയുടെ ലംഘനമാണത്. അമേരിക്കയുടെ ഏറ്റവും ജനപ്രീതിയുള്ള ഒരു പ്ലാറ്റ് ഫോം പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിനു ഒരു ദിവസം മുൻപ് അടച്ചു പൂട്ടാൻ ശ്രമിക്കയാണ്.