ഹൈദരാബാദ്: തന്റെ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍.
ഇന്ന് ഞങ്ങളുടെ വീട്ടില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. പക്ഷേ, നമ്മള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്തിനോടും പ്രതികരിക്കാനുള്ള ശരിയായ സമയമായി ഞാന്‍ ഇതിനെ കാണുന്നില്ല. വീടിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞു,
ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബഹളം ഉണ്ടാക്കാന്‍ ഇവിടെ വരുന്നവരെ കൊണ്ടുപോകാന്‍ എന്റെ വീടിന് സമീപം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്
ഇത്തരം സംഭവങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്. സംയമനം പാലിക്കേണ്ട സമയമാണിത്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും താരം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തെ അപലപിക്കുകയും നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സിനിമാ താരത്തിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്.
ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഞാന്‍ നിര്‍ദേശം നല്‍കുന്നു
ഇക്കാര്യത്തില്‍ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല. സന്ധ്യ തിയറ്റര്‍ സംഭവത്തില്‍ ഉള്‍പ്പെടാത്ത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാതിരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ എടുക്കണം.
ഡിസംബര്‍ 4 ന് സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 35 കാരിയായ രേവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്.
രേവതിയുടെ ഒമ്പത് വയസ്സുള്ള മകന്‍ ശ്രീ തേജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.