അഹമ്മദാബാദ്: മസാല പാക്കറ്റുകളില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ മൂന്ന് നൈജീരിയക്കാരുള്‍പ്പെടെ നാല് പേര്‍ പിടിയില്‍. അഹമ്മദാബാദിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ പിടികൂടിയത്.
ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മസാല പാക്കറ്റുകളില്‍ ഒളിപ്പിച്ച് കെറ്റാമൈന്‍ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ മൂന്ന് പേര്‍ നൈജീരിയന്‍ പൗരന്മാരാണ്
രണ്ട് കിലോഗ്രാം കെറ്റാമൈനും എന്‍സിബി പിടിച്ചെടുത്തു.
വിവിധ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച് രണ്ട് കിലോഗ്രാം കെറ്റാമൈന്‍ കൊറിയര്‍ ഏജന്‍സി വഴി അമേരിക്കയിലേക്ക് അയയ്ക്കുന്നതായി ഡിസംബര്‍ മൂന്നിന് എന്‍സിബി അഹമ്മദാബാദ് സംഘത്തിന് വിവരം ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്.
അന്വേഷണത്തെത്തുടര്‍ന്ന് അദ്നാന്‍ ഫണിച്ചര്‍വാല, നൈജീരിയക്കാരായ ഇമ്മാനുവല്‍ ഇഫെനി നവോബിയോറ, ഇയാളുടെ കൂട്ടാളികളായ അകെലെം അഹ്‌മകുല ജോസഫ്, ഇമ്മാനുവല്‍ ഒസാജ എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
മുമ്പ് പൂനെയില്‍ നിന്ന് യുഎസിലേക്ക് പോയ അദ്നാനെതിരെ അവിടെ മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകള്‍ നിലവിലുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയച്ച ശേഷം രാജ്യത്ത് മയക്കുമരുന്ന് കടത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു
കഴിഞ്ഞ വര്‍ഷം മുംബൈ എന്‍സിബി ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു.