കൽപറ്റ: കടമുറികളുടെ വാടക കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ഇപ്പോൾ വരുമാനമില്ലെന്നും ചൂരൽമലയിലെ ദുരന്തബാധിതരിലൊരാളായ അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസിനോട്. ദുരന്തത്തിൽ തകർന്ന വീടിന് മുന്നിൽ നിന്നുകൊണ്ടാണ് അബൂബക്കർ സംസാരിച്ചു തുടങ്ങിയത്.
‘ഇക്കാണുന്നതാണ് എന്റെ വീട്. അന്ന് സംഭവം നടക്കുന്ന സമയത്ത് ഈ വീട്ടിൽ 12 ആളുകളുണ്ടായിരുന്നു. ഭാര്യയെ ഇതുവരെ കിട്ടിയിട്ടില്ല. ഡിഎൻഎ ടെസ്റ്റിലും ബോഡി കിട്ടിയിട്ടില്ല.ഞങ്ങളിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് വയസുള്ള കുട്ടി ഒലിച്ചുപോയി. 2 പേർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. എനിക്കിവിടെ 11 കടമുറികളാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഞങ്ങൾ 12 അംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോ വരുമാനം നിന്നു. ഞാനൊരു കിഡ്നി രോഗിയാണ്. വീട് താമസയോഗ്യമല്ല. പതിനായിരം രൂപ വാടകക്കാണ് താമസിക്കുന്നത്. നാലായിരം രൂപ കൂടി കയ്യിൽ നിന്ന് ഇട്ടാലേ വാടക കൊടുക്കാൻ പറ്റൂ. കെട്ടിടത്തിന്റെ കാര്യത്തിൽ സഹായമൊന്നും ലഭിച്ചില്ല. മൂത്തമകൻ ഡ്രൈവറാണ്. അവന് പരിക്കേറ്റ് ചികിത്സയിലാണ്.’ വയനാട് ഉരുൾപൊട്ടൽ ദുരന്തം ജീവിതത്തെ മാറ്റിമറിച്ചെന്ന് പറയുകയാണ് അബൂബക്കർ.