ഡല്‍ഹി: ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ 38 പേര് മരിച്ചു. പരിക്കേറ്റ 13 പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ബസിന് തീപിടിച്ചു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി
അപകടത്തിന് പിന്നാലെ കാറും കൂട്ടിയിടിച്ചു
ഡിസംബര്‍ 21 ന് 45 യാത്രക്കാരുമായി ഒരു ബസ് ബ്രസീലിയന്‍ നഗരമായ സാവോപോളോയില്‍ നിന്ന് പുറപ്പെട്ടതായി അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വഴിയില്‍ വച്ച് ബസിന്റെ ടയര്‍ പൊട്ടി. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്.
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ നാലോടെയാണ് ഈ അപകടം. അപകടത്തിന് പിന്നാലെ ഒരു കാറും തീപിടിച്ച ബസുമായി കൂട്ടിയിടിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും രക്ഷപ്പെട്ടു
അപകടങ്ങള്‍ കുറയ്ക്കാന്‍ പദ്ധതി
യുഎന്‍ കണക്കുകള്‍ പ്രകാരം ബ്രസീലിലെ 100,000 ആളുകളിലെ റോഡപകട മരണനിരക്ക് 2021 ല്‍ 15.7 ആയിരുന്നു.
ഇത് അര്‍ജന്റീനയിലെ 100,000 ആളുകളിലെ 8.8 മരണനിരക്കിനെക്കാള്‍ വളരെ കൂടുതലാണ്. 2030 അവസാനത്തോടെ റോഡ് അപകട മരണങ്ങള് കുറയ്ക്കാനാണ് ബ്രസീല്‍ പദ്ധതിയിടുന്നത്.
2021 നും 2030 നും ഇടയില്‍ ഇതോടെ 86,000 ആളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് ബ്രസീലിയന്‍ ഗതാഗത മന്ത്രാലയം പറയുന്നു
ഈ അപകടത്തിന് മുമ്പ് സെപ്റ്റംബറില്‍ ഒരു മത്സരത്തിനായി ഫുട്ബോള്‍ ടീമുമായി പോയ ബസ് മറിഞ്ഞ് മൂന്ന് പേര് മരിച്ചിരുന്നു.