റിയാദ്: ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ സംശയിക്കുന്നയാളെ കുറിച്ച് സൗദി അറേബ്യ ജര്‍മ്മനിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.
സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച ജര്‍മ്മനിയിലെ കിഴക്കന്‍ നഗരമായ മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്കാണ് ഒരാള്‍ കാര്‍ ഓടിച്ചുകയറ്റിയത്.
സൗദി പൗരനാണ് ഇയാളെങ്കിലും വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസിക്കുന്നത്. സംഭവത്തില്‍ ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീഷണി സന്ദേശം
ഇയാല്‍ തന്റെ സ്വകാര്യ എക്‌സ് അക്കൗണ്ടില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ചത്് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൗദി അറേബ്യ ജര്‍മ്മന്‍ അധികൃതര്‍ക്ക് ആക്രമണകാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം.
ഫാര്‍ റൈറ്റ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ചയാളാണ് പ്രതിയെന്ന് പ്രാദേശിക മാസികയായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മാഗസിന്‍ വ്യക്തമാക്കിയിട്ടില്ല.
ജര്‍മ്മനി പ്രതികരിച്ചിട്ടില്ല
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജര്‍മ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി വിസമ്മതിച്ചു.
പ്രതിയെ കൈമാറാന്‍ സൗദി അറേബ്യ അഭ്യര്‍ഥിച്ചെങ്കിലും ജര്‍മ്മനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സൗദി അറേബ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ഗുരുതരമായ ആക്രമണത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.