കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തില്‍ കായിക-കലാ മത്സരങ്ങളില്‍ ചങ്ങനാശേരി നഗരസഭ ഒന്നാമതെത്തി.
കലാമത്സരങ്ങളില്‍ 123 പോയിന്റ് നേടിയ ചങ്ങനാശേരി നഗരസഭ കായിക മത്സരങ്ങളില്‍ 115 പോയിന്റ് കരസ്ഥമാക്കി ആധിപത്യം പുലര്‍ത്തി.
കലാമത്സരങ്ങളില്‍ 86 പോയിന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തും 39 പോയിന്റോടെ പള്ളം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ മൂന്നാംസ്ഥാനത്തുമെത്തി.
കായിക മത്സരങ്ങളില്‍ 91 പോയിന്റ് നേടിയ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനവും 77 പോയിന്റ് കരസ്ഥമാക്കി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് സമ്മാനവിതരണവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.