കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യ നില കൂടുതൽ മോശമായതായി സഹപ്രവർത്തകർ. ഓക്സിജൻ ശ്വസിക്കുന്നതിൻ്റെ അളവ് കുറഞ്ഞിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ രണ്ട് ദിവസമായി നടത്തുന്ന പരിശ്രമങ്ങൾ വിജയം കാണുന്നില്ലെന്നാണ് സൂചന.
കഴിഞ്ഞ 15നാണ് എംടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവിൽ കഴിയുന്നത്. ഇന്ന് രാവിലെ മുഖ്യമന്ത്രി എംടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി.
വിവരമറിഞ്ഞ് ഇന്നലെ ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചു. സർക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവൻ രക്ഷിക്കാൻ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.