കൊച്ചി: ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുന്ന പ്രതികള്‍ക്ക് ജാമ്യമനുവദിക്കുമ്പോള്‍ നാശനഷ്ടത്തിന്റെ തുകയീടാക്കാനുള്ള വ്യവസ്ഥ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്ന 2012 ലെ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി നിതിന്‍ ഗോപിയോട് ആശുപത്രിക്കുണ്ടായ നഷ്ടം 10000 രൂപ കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന തുക തിരികെ നല്‍കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു
പ്രതിക്ക് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യമനുവദിക്കുകയും ചെയ്തു
ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രശ്‌നമാണ്. ഡോക്ടര്‍, നഴ്‌സ്, ജീവനക്കാര്‍ തുടങ്ങിയവരുടെ മോശം പ്രവൃത്തികള്‍ ഇതിനു കാരണമായേക്കാം.
ആശുപത്രികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ആശുപത്രികള്‍ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണ്
ആരോഗ്യത്തിന്റെ ദൈവങ്ങളെ ആരാധിക്കാനാണ് അവിടേക്ക് ജനങ്ങള്‍ പോകുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണന്‍ പറഞ്ഞു.