ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ ഒഡിഷയെ രണ്ട് ഗോളിന് തകർത്ത് ക്വാർട്ടർ ഉറപ്പാക്കി കേരളം. മുഹമ്മദ് അജ്‌സലും നസീബ് റഹ്മാനുമാണ് കേരളത്തിനായി വിജയഗോളുകൾ നേടിയത്.
ഒമ്പത് പോയിന്റോടെ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം കുതിക്കുന്നത്. ടീമിനിനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്.
മികച്ച കളി പുറത്തെടുത്ത ഒഡീഷ കേരളത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ 41-ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന് ലഭിച്ച പന്ത് മുഹമ്മദ് റോഷൽ മുന്നേറ്റതാരം അജ്‌സലിന് മറിച്ചുകൊടുത്തു.
ശരവേഗത്തിൽ കുതിച്ച അജ്‌സൽ രണ്ട് പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് തൊടുത്ത മനോഹരമായ ഷോട്ടിൽ മത്സരം കേരളം കൈപ്പിയിലൊതുക്കി.
രണ്ടാം പകുതിയിൽ സമനില നേടാനായി ഒഡീഷ നടത്തിയ ആക്രമണത്തിന്റെ കുന്തമുന കേരളത്തിന്റെ പ്രതിരോധകോട്ട സമർത്ഥമായി തകർത്തു.
54-ാംമിനിറ്റിൽ മുഹമ്മദ് മുഷറഫിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച നസീബ് ലക്ഷ്യം കണ്ടതോടെ ഒഡീഷക്ക് മറുപടിയില്ലാതെ കേരളത്തിനു മുന്നിൽ കീഴങ്ങാനായിരുന്നു വിധി.
ഇനി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് കേരളത്തിന് അവശേഷിക്കുന്നത്. ഞായറാഴ്‌ച ഡൽഹിയുമായും 24ന് തമിഴ്‌നാടുമായുമാണ് ഇനിയുള്ള മത്സരങ്ങൾ.