കോട്ടയം: ഒരു പതിറ്റാണ്ട് കാലം നീണ്ടുനിന്ന പിണക്കം മറന്നു രമേശ് ചെന്നിത്തലയും എന്‍.എസ്.എസും ഒന്നിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്രൈസ്ത മത നേതാക്കള്‍ക്കിടയില്‍ ലഭിക്കുന്ന പിന്തുണയില്‍ ഭയന്നോ ?
ക്രൈസ്തവ സമ്മേളന വേദികളില്‍ ക്രിസ്തുവിന്റെ ആശയങ്ങളും വചനങ്ങളും മുന്‍നിര്‍ത്തി തീപ്പൊരി പ്രസംഗം നടത്തി ബിഷപ്പുമാരെ പോലും അമ്പരപ്പിക്കുന്ന സതീശനു ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രാസംഗികനായി വി.ഡി സതീശന് ക്ഷണം ലഭിച്ചിരുന്നു.
കണ്‍വന്‍ഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിനു നടക്കുന്ന യുവജനസമ്മേളനത്തിലാണു പ്രസംഗം.
മാരാമണ്‍ കണ്‍വന്‍ഷന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാരും ജനപ്രതിനിധികളും സംബന്ധിക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ അവസരം ലഭിക്കാറില്ല.
അപൂര്‍വമായി മാത്രമേ രാഷ്ട്രീയ രംഗത്തുനിന്നുള്ളവര്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചിട്ടുള്ളൂ. സുവിശേഷ യോഗങ്ങളായതിനാല്‍ അക്രൈസ്തവര്‍ പ്രസംഗിച്ചിട്ടുള്ളതും അപൂര്‍വം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിക്കാനാകുമെന്ന് അവകാശപ്പെടുന്ന യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുവെക്കുന്നവർ ഏറെയാണ്.
വിവിധ മത വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കി തങ്ങളുടെ സാധ്യത നില നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എന്‍എസ്എസ് – രമേശ് ചെന്നിത്തല ഒത്തുചേരല്‍ വിലയിരുത്തപ്പെടുന്നതും.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് പരിഹരിച്ച് മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
എന്‍എസ്എസും വി.ഡി സതീശനും അത്ര നല്ല അടുപ്പത്തിലല്ലെന്നതും പ്രശ്‌ന പരിഹാരത്തിനു മുന്‍കൈയ്യെടുക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതായുള്ള സൂചനകളാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്നു പുറത്തേക്കു വരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നിത്തല – എന്‍എസ്എസ് ബന്ധം ദൃഢമാകുമ്പോള്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുങ്ങുന്നതിനുള്ള സൂചനയും വ്യക്തമാകുന്നു. യുഡിഎഫ് രാഷ്ട്രീയത്തിലും ഇതിന്റെ അലയൊലികളുണ്ടായേക്കും.
2013 ല്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ താക്കോല്‍ സ്ഥാന പരാമര്‍ശമാണ് കേരള രാഷ്ട്രീയത്തില്‍ പിന്നീട് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
അന്ന് കെപിസിസി അധ്യക്ഷനായ രമേശ് ചെന്നിത്തലയെ യുഡിഎഫ് സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ ഭൂരിപക്ഷ ജനവിഭാഗം അനുമതി നല്‍കില്ലെന്ന ജി സുകുമാരന്‍ നായരുടെ പ്രസംഗമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ പ്രസംഗത്തില്‍ തന്നെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ചെന്നിത്തലയുമായി എന്‍എസ്എസ് നേതൃത്വം കടുത്ത അകല്‍ച്ചയിലായി.
പിന്നീട് നടന്ന ഒരു എന്‍എസ്എസ് പരിപാടികളിലേക്കും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ഇത്തവണ ജയന്തി സമ്മേളനത്തിന് മുമ്പ് തന്നെ ജി സുകുമാരന്‍ നായരുമായി ചിലരുടെ സഹായത്തോടെ ചെന്നിത്തല ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് എന്‍എസ്എസ് പിണക്കം മറക്കാന്‍ തീരുമാനിച്ചതും.
ചെന്നിത്തലയുടെ തിടുക്കപ്പെട്ടുള്ള നീക്കം സതീശനു ക്രൈസ്തവ മതവിഭാഗങ്ങളില്‍ ലഭിക്കുന്ന പിന്തുണയ്ക്കു തടയിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നുള്ള സൂചനകൾ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്നു പുറത്തേക്കു വരുന്നുണ്ട്.
ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ക്രൈസ്തവ സഭകളുടെ ശക്തനായ വക്താവായിരുന്ന കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ചെന്നിത്തലയ്ക്കെതിരെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ അമര്‍ഷവുമുണ്ട്.
എന്തായാലും നേതാക്കള്‍ സോഷ്യല്‍ എഞ്ചിനിയറിങ്ങിന് കളത്തിലിറങ്ങിയതോടെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് കടുക്കുമെന്നുറപ്പായി.