കോലാലംപൂര്‍: വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ തിരോധാനമായ എം.എച്ച്. 370 വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം പത്ത് വര്‍ഷത്തോളം നീണ്ട തിരച്ചിലാണ് ഇതോടെ അവസാനിക്കുന്നത്.
വിമാനം അപ്രത്യക്ഷമായ സാഹചര്യത്തെക്കുറിച്ച് ഇനിയും വ്യക്തത ലഭിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 370 വിമാനം പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ക്ക് ശേഷമാണ് അപ്രത്യക്ഷമാകുന്നത്.
മിലിറ്ററി റഡാറുകളില്‍ യാത്രാമധ്യേ വിമാനം തിരിച്ച് പറന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിമാനത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരരായിരുന്നു. 38 പേര്‍ മലേഷ്യക്കാരും. ബാക്കിയുള്ള യാത്രക്കാര്‍ മറ്റ് 12 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.