കോതമംഗലം: കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ ദുർമന്ത്രവാദം സംശയിച്ച് പൊലീസ്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനെയാണ് (ആറ്) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
23കാരിയായ അനീഷ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ്. യുവതിക്ക് രണ്ട് വയസുള്ള പെൺകുട്ടിയുണ്ട്. ഇപ്പോൾ ഗർഭിണിയുമാണ്. രണ്ടുവർഷം മുമ്പാണ് യുവതി അജാസിനൊപ്പം താമസിക്കാൻ തുടങ്ങിയത്.
അജാസിന്റെ ആദ്യ ബന്ധത്തിലുണ്ടായ മുസ്‌കാൻ തനിക്ക് ബാദ്ധ്യതയാകുമെന്ന തോന്നലിലാണ് കൃത്യം നടത്തിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. അജാസ് ഖാൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ദമ്പതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് പറഞ്ഞ് ഇന്നലെ രാവിലെ ആറോടെ അജാസ് ഖാൻ അയൽവാസികളെ സമീപിക്കുകയായിരുന്നു. ഭാര്യയ്‌ക്ക് ബാധയുണ്ടെന്ന് അജാസ് ഖാൻ അയൽക്കാരോട് പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള എന്തെങ്കിലുമാണോ കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. എന്നിരുന്നാലും നിലവിൽ അജാസിനെ പ്രതി ചേർത്തിട്ടില്ല. രാവിലെ വീണ്ടും ചോദ്യം ചെയ്ത ശേഷം അനീഷയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *